'അഴിമതി രഹിത ഭരണം കാഴ്‌ച്ചവയ്ക്കും': കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കും
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സർക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാർക്കായുള്ള ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായി. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി, സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി എന്നിവ നിർബന്ധമാക്കും. ഐടി വകുപ്പിന്റെ പേരുമാറ്റി. ഇനി ഇത് ഇനി ഫ്യൂച്ചർ ടെക്നോളജി എന്ന് അറിയപ്പെടും.
അഴിമതി രഹിത ഭരണം കാഴ്‌ചവെക്കുമെന്നും സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി കേന്ദ്രസർക്കാരുമായി പരമാവധി സഹകരിച്ച് മുന്നോട്ടുപോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ട്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.