പ്രതിപക്ഷത്തെ നയിക്കാൻ പിണറായി

Friday 15 May 2026 1:43 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം തിരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും പ്രതിപക്ഷത്തെ പിണറായി തന്നെ നയിക്കട്ടെയെന്ന് സംസ്ഥാന സമിതി നിലപാട് എടുക്കുകയായിരുന്നു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു.

ഇതാദ്യമായാണ് പിണറായി പ്രതിപക്ഷ നേതാവാകുന്നത്. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. 2016ലും 2021ലും മുഖ്യമന്ത്രിയായി.

തുടരും, സതീശൻ-

പിണറായി പോര്

പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയായും മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിച്ചത് ഒരേ ദിവസമെന്നത് യാദൃച്ഛികം. സതീശനും പിണറായിയും തമ്മിൽ നിയമസഭയിൽ തീപ്പൊരി ചിതറിയിട്ടുണ്ട് പലതവണ. വാക്പോര് ഇനിയും തുടരുമെന്നുറപ്പ്. ദീർഘകാല രാഷ്ട്രീയ അനുഭവ സമ്പത്തും മുറിവേൽപ്പിക്കുന്ന വാക്കുകളുമാണ് പിണറായിയുടെ ആവനാഴിയിലുള്ളത്. ആഴത്തിലുള്ള പഠനവും ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടിയുമാണ് സതീശന്റെ ആയുധങ്ങൾ. കഴിഞ്ഞ സഭാകാലത്ത് കൊമ്പുകോർത്ത പല വിഷയങ്ങളും ഇനിയും അടങ്ങിയിട്ടുമില്ല.

അതേസമയം,​ മൂർച്ചയോടെ സംസാരിക്കുന്ന അംഗങ്ങളുടെ കുറവാണ് ഇത്തവണ പ്രതിപക്ഷത്തിന്റെ ദൗർബല്യം. ഏതു വിഷയത്തിലും ഇടപെട്ട് സംസാരിക്കാൻ കഴിവുണ്ടായിരുന്ന പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങിയവർ പ്രതിപക്ഷ നിരയിലില്ല. മറുവശത്താവട്ടെ കെ.മുരളീധരനെയും വി.ടി.ബൽറാമിനെയും മാത്യു കുഴൽനാടനെയും പോലുള്ളവരുടെ സാന്നിദ്ധ്യമുണ്ട്.