ആലപ്പുഴ രക്ഷാപ്രവർത്തനം: പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി എസ്ഐടി
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി എസ്ഐടി. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്. നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോർട്ട് എസ്‌ഐടി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനാണ് നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്.
2023 ഡിസംബർ 15-നായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരളസദസിന്റെ ബസ് കടന്നുപോയപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ലോക്കൽ പൊലീസ് നോക്കി നിൽക്കെ പ്രതികൾ മർദിക്കുകയായിരുന്നു. ആലപ്പുഴ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണു മർദനമേറ്റത്.
കേസിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന ഇൻസ്പെക്ടർ എസ്. അനിൽകുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. സന്ദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മേധാവി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് എസ്‌ഐടി സമർപ്പിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു.