എം.എസ്. സജീവന് എം.പി. മന്മഥൻ മാദ്ധ്യമ പുരസ്‌കാരം
കൊച്ചി: ഗാന്ധിയനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം.പി. മന്മഥന്റെ സ്‌മരണാർത്ഥം വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരത്തിനു കേരളകൗമുദി കൊച്ചി ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്.സജീവൻ അർഹനായി. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമ്പത്തികരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകളാണ് സജീവനെ അവാർഡിനർഹനാക്കിയതെന്ന് കേന്ദ്രം അദ്ധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ അറിയിച്ചു. ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ ജനം ടി.വി കൊച്ചി ചീഫ് റിപ്പോർട്ടർ ജിജീഷ് കരുണാകരൻ പുരസ്‌കാരം നേടി.
മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.എൻ.ആർ.നമ്പൂതിരി, ജി.കെ.സുരേഷ് ബാബു, വി.റജികുമാർ എന്നിവരുൾപ്പെട്ട ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 7നു വൈകിട്ട് 5.30നു എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. ചടങ്ങിൽ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് രാജൻ പൊതുവാളിനെ ആദരിക്കും.
കൊച്ചി മെട്രോയിലെ ജീവനക്കാരിയായ ഷിജിമോൾ.കെ.കെയാണ് എം.എസ്.സജീവന്റെ ഭാര്യ. മകൾ: ഡോ. അപർണ.എം.എസ് (ഹൗസ് സർജൻ, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, കോതമംഗലം).