അനുനയ ശ്രമം: ലത്തീൻ സഭാ നേതാക്കളെ സന്ദർശിച്ച് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി. ഇന്നലെ രാവിലെ നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമായിരുന്നു
സന്ദർശനം. ഫിഷറീസ് വകുപ്പ് ലത്തീൻ സമുദായത്തിൽപ്പെട്ടവർക്ക് നൽകണമെന്ന ആവശ്യം സഭ ഉന്നയിച്ചിരുന്നു. ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, അൽമായ ശുശ്രൂഷാ ഡയറകട്ർ ഫാ.ബീഡ് മനോജ്. ചാൻസലർ ജോസ് തുടങ്ങിയവർ
മന്ത്രിയെത്തുമ്പോൾ സഭാ ആസ്ഥാനത്തുണ്ടായിരുന്നു. മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ ഇവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുതലപ്പൊഴി, വിഴിഞ്ഞം ഉൾപ്പെട്ട തലസ്ഥാനത്തെ മത്സ്യമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് ഇടപെടൽ നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകി. തന്റെ പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണയും അഭ്യർത്ഥിച്ചു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും സംസാരിച്ചെന്ന് അബ്ദുൽ ഗഫൂർ കൂടിക്കാഴ്ചക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 'എന്നോട് സഭാ നേതാക്കൾ പരിഭവം പറഞ്ഞില്ല. സന്തോഷമാണ് അറിയിച്ചത്. എല്ലാവരെയും ചേർത്തു പിടിച്ച് മുന്നോട്ട് പോകും. സഭയ്ക്കുള്ള ആശങ്കകൾ പരിഹരിക്കും.. സൗഹൃദാന്തരീക്ഷത്തിൽ മുന്നോട്ട് പോകുമെന്നും ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഫാ.ബീഡ് മനോജ് പ്രതികരിച്ചു. ചില ചരടുവലികളും നാടകങ്ങളും കാരണം സഭയ്ക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനവും വകുപ്പും നഷ്ടമായി. നിലവിലെ ആവശ്യങ്ങൾ പരിഹരിക്കുന്നതു വരെ സഭയ്ക്കുള്ള ആശങ്ക തുടരും. മന്ത്രി വന്നു കണ്ടയുടനെ മഞ്ഞുരുകിയെന്ന് പറയാനാവില്ല. എല്ലാ പ്രശ്നങ്ങൾക്കും
പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.