SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.42 AM IST

പിണറായിക്ക് ഇനിമുതൽ ഗൺമാനുമില്ല എസ്കോർട്ടുമില്ല, ആകെയുള്ളത് പൈലറ്റുമാത്രം; അതിസുരക്ഷ പിൻവലിച്ചു

READ ENGLISH VERSION
pinarayi

തിരുവനന്തപുരം: പിണറായി വിജയന് ഇനിമുതൽ സെഡ് പ്ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായതോടെയാണ് അതിസുരക്ഷ സർക്കാർ പിൻവലിച്ചത്. ഇനിമുതൽ വൈ കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിനുണ്ടാവുക. പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി എന്നീ പരിഗണനകൾ വച്ചാണ് ഇത്. സെഡ് പ്ളസ് പിൻവലിച്ചതോടെ ഇനിമുതൽ പിണറായിക്കൊപ്പം ഗൺമാൻ കൂടെയുണ്ടാവില്ല.

നവകേരള യാത്രയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ ഗൺമാൻ സന്ദീപ് പിണറായിയുടെ സുരക്ഷാ സംഘത്തിൽനിന്ന് ഒഴിവായി. അതിസുരക്ഷ പിൻവലിച്ചതോടെയാണ് സന്ദീപിന് പൊലീസിലേക്ക് മടങ്ങേണ്ടിവന്നത്. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായിക്കൊപ്പം തുടരുകയാണ്. ഗൺമാനെ ഒഴിവാക്കിയതിന് പകരമായി രണ്ട് പിഎസ്ഓമാരെ അനുവദിച്ചിട്ടുണ്ട്. എസ്കോർട്ട് ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. അതിനാെപ്പം വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റിയായിരിക്കും സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കണോ എന്നകാര്യത്തിൽ തീരുമാനമെടുക്കുക.

അതേസമയം,നവകേരള സദസിനിടെയുള്ള മർദനത്തിൽ നാല് ഗൺമാന്മാർക്കെതിരെ നടപടിക്ക് നീക്കമെന്ന് റിപ്പോർട്ട്. മർദനം ചട്ടവിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്.പി. ഷൗക്കത്തലി ഡിജിപിക്ക് റിപ്പോർട്ട് ഉടൻ കൈമാറും. പൊലീസിന്റെ നടപടി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും എസ്‌ഐടി പറയുന്നു. എം.എൽ.എ എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയുമാണ് ഗൺമാന്മാ‌ർ തല്ലിച്ചതച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസിൽ നിന്ന് കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തി എസ്.പി ഷൗക്കത്തലിയും സംഘവും അന്വേഷണ നടപടികളും മൊഴികളും വിലയിരുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA