വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയ്‌ക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം, മരിച്ചത് 15കാരൻ

Wednesday 27 May 2026 12:00 AM IST

കൽപ്പറ്റ: ഗൂഡല്ലൂർ പാക്കണ പുത്തൂർവയലിൽ താമസിക്കുന്ന മലയാളിയായ ശാജി മദനിയുടെ മകൻ മിസ്ഹബിന് (15) കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പാക്കണ ഐ. എം. എസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് പുത്തൂർവയലിൽ ഇടയിൽ റോഡിൽ വച്ചാണ് കുട്ടിയെ ആന ആക്രമിച്ചത്.

പാക്കണ ടൗണിലെ ബാർബർ ഷോപ്പിൽ മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ കുട്ടിയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റസാനത്ത്. സഹോദരൻ: മുഹമ്മദ് റാസി.