സി.ബി.ഐക്ക് വിടുന്നതിൽ സന്തോഷം: കുടുംബം
പത്തനംതിട്ട: എ.ഡി.എം. നവീൻബാബുവിന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടുമെന്ന് അറിഞ്ഞത് ആശ്വാസകരമാണെന്ന് ഭാര്യ മഞ്ജുഷ. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ടുകണ്ട് സംസാരിച്ചിരുന്നു. അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. നിഷ്പക്ഷരായ അന്വേഷണ ഉദ്യോഗസ്ഥർ വരണമെന്നും ശരിയായ ഫലം കുടുംബത്തിന് കിട്ടണമെന്നും സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. അന്വേഷണം ശരിയായ രീതിയിൽപോകുമെന്നാണ് കരുതിയിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ടതിനുശേഷമാണ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് മനസിലായത്. സി.ബി.ഐ. അന്വേഷണം വേണ്ടെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ടെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. കൈക്കൂലി വാങ്ങിയെന്നാരോപിച്ച് നവീനെതിരെ പരാതി നൽകിയ പ്രശാന്തൻ ബിനാമി മാത്രമാണ്. പെട്രോൾ പമ്പിന്റെ യഥാർത്ഥ ഉടമ ആരാണെന്നത് പുറത്തുവന്നിട്ടില്ല. കുടുംബം ചൂണ്ടിക്കാട്ടിയ മുപ്പതിലേറെ പോയിന്റുകൾ സി.ബി.ഐ. അന്വേഷിക്കണം. മരണകാരണം ഉൾപ്പെടെ ഒരുപാട് സംശയം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നുവെന്ന് പ്രവീൺ പറഞ്ഞു.
.