SignIn
Kerala Kaumudi Online
Sunday, 31 May 2026 2.00 PM IST

'സർക്കാ‍ർ  നടപടി ആശ്വാസകരം'; സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം

naveen-babu-death-case

തിരുവനന്തപുരം: കണ്ണൂർ എഡി​എമ്മായി​രുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ച സർക്കാർ നടപടി ആശ്വാസകരമെന്ന് കുടുംബം. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് സംസാരിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.

സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും പ്രതികരിച്ചു.തുടക്കത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതിയിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാണ് അങ്ങനെയല്ല എന്ന് മനസിലായതെന്നും പ്രവീൺ ബാബു പറഞ്ഞു.

കഴിഞ്ഞ സർക്കാർ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.മരണകാരണത്തിൽ ഉൾപ്പെടെ തുടക്കം മുതൽ ഒരുപാട് സംശയങ്ങൾ കുടുംബം ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യത്തിലുൾപ്പെടെ സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്നും പ്രവീൺ ബാബു പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ നേരിൽ കണ്ട് ആശങ്കകൾ അറിയിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. 2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിദ്ധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVEEN BABU DEATH CASE, CBI, KERALA GOVERNMENT, VD SATHEESAN, RAMESH CHENNITHALA, PPDIVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA