പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി; 50 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്
Friday 15 May 2026 12:53 PM IST
പാലക്കാട്: പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയുന്ന 50പേർക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് - എൽഡിഎഫ് സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ലാത്തി വീശിയതിനെതിരെ ആയിരുന്നു എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും പറഞ്ഞായിരുന്നു ഭീഷണി. ഇന്നലെ നീറ്റ് പരീക്ഷ അട്ടിമറിക്കെതിരായ പ്രതിഷേധ മാർച്ചിലായിരുന്നു എസ്‌എഫ്‌ഐ നേതാവ് വിപിന്റെ ഭീഷണി പ്രസംഗം.