സി.പി.ഐയിൽ നിന്ന് പുറത്താക്കിയതിൽ വിശദീകരണം മന്ത്രിക്ക് ഭക്ഷണം: രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് അബ്ദുൾ റഹ്മാൻ

Monday 01 June 2026 1:09 AM IST

മാള: വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ചാണ് മന്ത്രിക്ക് ഭക്ഷണം നൽകിയതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സി.പി.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട പി.എസ്.അബ്ദുൾ റഹ്മാൻ പ്രതികരിച്ചു. 50 വർഷത്തോളമായി പാർട്ടിക്കായി പ്രവർത്തിക്കുന്ന തനിക്ക് ഈ നടപടി തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണെന്നും കൂട്ടിച്ചേർത്തു.

മന്ത്രി ഒ.ജെ.ജനീഷിന് വീട്ടിൽ ഭക്ഷണം നൽകിയതിന്റെ പേരിലാണ് സി.പി.ഐ മുതിർന്ന പ്രവർത്തകനും അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അബ്ദുൾ റഹ്മാനെ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മേയ് 27ന് മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെയാണ് ഭക്ഷണം നൽകിയത്. ഇത് പാർട്ടിക്കുണ്ടായ അപമാനമാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടിയെന്ന് ഭാരവാഹികൾ അറിയിച്ചു.