ഒന്നര വയസുകാരനെ അരുംകൊലചെയ്ത് രണ്ടാനച്ഛൻ
കൊടും ക്രൂരനും കുഞ്ഞിന്റെ അമ്മയും അറസ്റ്റിൽ
നെടുമങ്ങാട് : കഴിഞ്ഞ ദിവസം നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു. കുഞ്ഞിനെ അടിച്ചുകൊന്ന രണ്ടാനച്ഛനും അമ്മയും അറസ്റ്റിലായി.
നെടുമങ്ങാട് പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കൊലയാളി. ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് അല്പസമയത്തിനകം മരിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ക്ഷതത്തിന്റെയും പാദങ്ങളിലും കൈകളിലും മുതുകിലും പൊള്ളലേൽപ്പിച്ചതിന്റെയും പാടുകളുണ്ടായിരുന്നു.
നർത്തകിയായ അഖില കുറച്ചുനാളായി തമിഴ്നാട്ടിലായിരുന്നു. സംഭവദിവസം കുഞ്ഞും അഷ്കറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്താകെ മുറിവുകളാണ്. ഇത് ഉരുണ്ടുവീണും തീയിൽ കളിച്ചും സംഭവിച്ചതെന്നാണ് അഷ്കർ അയൽവാസികളോട് പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് അഷ്കറിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിലയെ തമിഴ്നാട്ടിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ അഷ്കർ സമ്മതിച്ചു.
പനവൂർ വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില. പാലോട് സ്വദേശി അഖിലാണ് ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖിൽ ആത്മഹത്യ ചെയ്തു. ഇതിനു ശേഷമാണ് അഷ്കറെ കൂടെക്കൂട്ടിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം അഖിലിന്റെ അച്ഛൻ സുനിൽകുമാർ ഏറ്റുവാങ്ങി നന്ദിയോട് പച്ചയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.
തലയ്ക്കടിയേറ്റ്
കുഴഞ്ഞുവീണു
വെള്ളിയാഴ്ച ഉച്ചക്ക് കരഞ്ഞ് നിർബന്ധം പിടിച്ച കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ ശക്തിയായി അടിച്ചു. കുഞ്ഞ് കുഴഞ്ഞു വീണതോടെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടെ കുഞ്ഞ് ഛർദ്ദിച്ചു. ശബ്ദംകേട്ട് അയൽവാസികളെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അയൽവാസികളുടെ നിർബന്ധ പ്രകാരമാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ ഉയരത്തിൽ നിന്നു തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടികൊണ്ട് നിരന്തരം മർദ്ദിച്ചിരുന്നതായും അഷ്കർ പൊലീസിനോട് സമ്മതിച്ചു. നെടുമങ്ങാട് ചുള്ളാളം സ്വദേശിയായ ഇയാൾ ടെമ്പോ ഡ്രൈവറാണ്.