
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ കൂടാതെ പിഡിപിപി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. എന്നാൽ കേസ് ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതേസമയം, കേസിൽ ആറു പ്രതികള്‍ കൂടി ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. ആറ്റുകാൽ മുൻ കൗണ്‍സിലർ ഉണ്ണികൃഷ്ണൻ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്ന് സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു. അതിനിടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം നൽകാൻ ഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |