കോൺഗ്രസ് ലീഗിന് കീഴടങ്ങി : ജി.സുകുമാരൻ നായർ
ചങ്ങനാശേരി : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങിയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഘടകകക്ഷികൾ വി.ഡി.സതീശനെ അനുകൂലിച്ചെങ്കിലും ലീഗാണ് പ്രധാനമായും സമ്മർദ്ദം ചെലുത്തിയത്. ജനാധിപത്യ ധ്വംസനമാണ് നടന്നിരിക്കുന്നത്. സതീശൻ വന്നതിലല്ല എതിർപ്പ്. തിരഞ്ഞെടുത്ത രീതിയാണ് ശരിയായില്ലെന്ന് പറയുന്നത്. മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും പാലിക്കാതെയായിരുന്നു തീരുമാനം. ഘടകകക്ഷികളുടെ അഭിപ്രായം തേടാനായിരുന്നെങ്കിൽ എം.എൽ.എമാരുടെ ഭൂരിപക്ഷം നോക്കി തീരുമാനിക്കുമെന്ന് പറയേണ്ടിയിരുന്നില്ല. ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് കാണുന്നത്. കോൺഗ്രസിന്റെ കീഴ് വഴക്കങ്ങൾ തെറ്റിച്ചതുകൊണ്ടാണ് എൻ.എസ്.എസ് അഭിപ്രായം പറയുന്നത്. ജനാധിപത്യ മര്യാദകളോ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള മുഖ്യമന്ത്രിയെ നിശ്ചയിക്കലായിരുന്നു ഇത്. വർഗീയത അതിന്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് മുൻപും ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതുണ്ടായില്ല. ഇത്തവണയും ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുക്കുമെന്ന സ്ഥിതിയാണ്.
ചെന്നിത്തലയെ തഴയുന്നു
സീനിയർ നേതാവായ രമേശ് ചെന്നിത്തലയെ തുടർച്ചയായി അവഗണിക്കുന്നു. മാനദണ്ഡങ്ങൾ നോക്കിയാൽ ചെന്നിത്തലയായിരുന്നു മുന്നിൽ നിൽക്കേണ്ടത്. സതീശൻ നിലപാടുകളുടെ രാജകുമാരൻ എന്നത് പുതിയ കണ്ടുപിടിത്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സതീശനെ സഹായിച്ചിരുന്നു. ജയിച്ചു കഴിഞ്ഞപ്പോൾ മതനേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന നിലപാട് സതീശൻ എടുത്തു. അതാണ് ഇത്തവണ സമദൂര നിലപാട് എടുത്തത്.