പരാജയം എല്ലാറ്റിന്റേയും അവസാനമല്ല : പിണറായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുമുന്നണി അവസാനിച്ചെന്ന് ചിലർ കരുതുകയാണെന്നും മതിമറന്ന ആഹ്ലാദം ചില വലതുപക്ഷ കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പരാജയം എല്ലാറ്റിന്റേയും അവസാനം എന്ന നിലയിൽ കാണേണ്ട.
എൽ.ഡി.എഫ് ശക്തമായി തിരിച്ചുവരും. യു.ഡി.എഫിന് കിട്ടിയ 102 സീറ്റ്, എന്തോ വല്ലാത്തൊരു സംഭവമായെടുത്ത് അതിന്റെ മേലെ എൽ.ഡി.എഫിന് ഒരു ഭാവിയുമുണ്ടാകില്ല എന്നാണ് പറയുന്നത്. ഈ സർക്കാർ അധികാരത്തിലേറുന്ന ആദ്യഘട്ടത്തിൽ എ.കെ.ആന്റണി പറഞ്ഞ കാര്യം ഓർത്താൽ മതി. നൂറ് സീറ്റുമായി അധികാരത്തിലേറിയ ആളാണ് ആന്റണി. നൂറ് വർഷത്തേക്ക് ഇനി എൽ.ഡി.എഫ് അധികാരത്തിലേറുന്ന പ്രശ്നമേയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പക്ഷേ സംഭവിച്ചത് എന്താണെന്ന് കേരളത്തിന് നല്ല ബോദ്ധ്യമുണ്ട്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. കുറവും ദൗർബല്യങ്ങളും കണ്ടെത്തും, തിരുത്തും. അത് ജനങ്ങളുടെ കൂടെ നിന്നാകും. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എൻ.ശരത്ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻമന്ത്രിമാരായ മാത്യു ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, വർഗീസ് ജോർജ്, കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജഹാൻ, സെക്രട്ടറി സി.കെ.ഷിബു എന്നിവർ സംസാരിച്ചു.