ഗ്രീഷ്മയേയും ജോളിയേയും അകത്താക്കിയ പെണ്‍പുലി; ഡി ശില്‍പ്പ ഐപിഎസ് ഇനി സിബിഐയില്‍

Tuesday 08 April 2025 8:27 PM IST

കാസര്‍കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി, കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ എന്നീ പ്രതികളെ അഴിക്കുള്ളിലാക്കിയ വനിതാ ഐപിഎസ് ഓഫീസര്‍ ഡി ശില്‍പ ഇനി സിബിഐയില്‍. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണ, നിയമ നിര്‍വഹണ സേവനങ്ങളിലേക്കാണ് ഡി ശില്‍പ്പയുടെ മാറ്റം. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് അവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കാസര്‍കോടിന്റെ താത്കാലിക ചുമതല കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാളിന് നല്‍കി. സ്ത്രീകള്‍ പ്രധാന പ്രതി സ്ഥാനത്തുള്ള കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് നെയ്യാറ്റിന്‍കരയിലെ ഷാരോണ്‍ രാജിന്റേതും കോഴിക്കോട് കൂടത്തായിലെ കൂട്ടക്കൊലപാതകവും. ശില്‍പയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി. ഷാരോണ്‍ വധക്കേസില്‍ മാറിയ കാലത്തിന് അനുസരിച്ച് കേസ് സമര്‍ഥമായി അന്വേഷിച്ചതിന് കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് കൂടത്തായി കൊലപാതകത്തില്‍ കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ വിവരങ്ങള്‍ പുറത്ത് വരികയും ഒപ്പം അന്വേഷണം വളരെ വെല്ലുവിളി നിറഞ്ഞതുമായിരുന്നു. അന്വേഷണ സംഘം വിപുലീകരിച്ചപ്പോഴാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. അന്ന് കണ്ണൂര്‍ എഎസ്പി ഡി ശില്‍പയും ഒപ്പം ചേര്‍ന്നു. അങ്ങനെ അന്വേഷണത്തില്‍ പ്രതിയായ ജോളിയെ കണ്ടെത്താനും ശിക്ഷ വാങ്ങിച്ചു നല്‍കാനും ശില്‍പ അടങ്ങുന്ന അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.