ഡോ.ജോസ് ചാക്കോ ഹൃദയങ്ങളുടെ കാവലാൾ

Sunday 26 January 2025 3:14 AM IST

കൊച്ചി: 2003ൽ രാജ്യത്ത് വിജയകരമായ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ജോസ് ചാക്കോ പെരിയപ്പുറം. പ്രശസ്തനായ ഈ കാർഡിയാക് സർജൻ നിരവധി ശ്രദ്ധേയമായ മെഡിക്കൽ ലേഖനങ്ങളുടെ രചയിതാവുമാണ്. പാവപ്പെട്ടവർക്ക് ഹൃദ്രോഗചികിത്സ നൽകുന്ന ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയായ ഡോ. പെരിയപ്പുറത്തിന് 2011ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്. 20000 ഓപ്പൺ ഹാർട്ട് സർജറികൾ, ആദ്യ പുനർ ഹൃദയമാറ്റ ശസ്ത്രക്രിയ, കേരളത്തിലെ ആദ്യ ഹൃദയ, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങി നിരവധി നേട്ടങ്ങളുടെ ഉടമയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ പഠനം കഴിഞ്ഞ് ബ്രിട്ടനിലും അയർലാൻഡിലും പി.ജി പഠനങ്ങൾക്കും സേവനത്തിനുംശേഷം 1995ലാണ് അദ്ദേഹം മടങ്ങിയെത്തിയത്. 2008 മുതൽ എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം തലവനാണ്. തൃപ്പൂണിത്തുറ തെക്കൻപറവൂർ സ്വദേശിയാണ്. ഭാര്യ: ജെയ്മി. മക്കൾ : ജേക്കബ്, ജോസഫ്, ജോൺ.