പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്  എല്ലായ്പോഴും ഉറച്ച  തെളിവല്ല: ഹൈക്കോടതി

Thursday 13 March 2025 9:50 AM IST

കൊച്ചി: കൊലക്കേസുകളിൽ മൃതദേഹപരിശോധന നടത്തുന്ന ഡോക്ടർ നൽകുന്ന പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് എല്ലായ്പോഴും തെളിവായി മാറില്ലെന്ന് ഹൈക്കോടതി. ഇത് ഡോക്ടർ എഴുതിനൽകുന്ന പ്രാഥമിക പ്രസ്താവന മാത്രമാണ്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ കണ്ട മുറിവുകൾ എങ്ങനെയുണ്ടായി, മരണകാരണമായതെന്ത് തുടങ്ങിയ നിഗമനങ്ങൾ കൂടി വ്യക്തമാക്കിയാലേ ഈ സർട്ടിഫിക്കറ്റ് ഉറച്ച തെളിവായി രേഖപ്പെടുത്താനാകൂ എന്നും കോടതി പറഞ്ഞു. കാസർകോട് മുദ്ധപ്പഗൗഡ കൊലക്കേസിൽ പ്രതികളായ അമ്മയുടെയും മകന്റെയും ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം.

കാസർകോട് കല്ലാപ്പള്ളി സ്വദേശി പി.സി. ലളിത, മകൻ പി.സി. നിതിൻ എന്നിവരെയാണ് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേവിട്ടത്. ലളിതയുടെ ഭർതൃസഹോദരനയിരുന്നു കൊല്ലപ്പെട്ട മുദ്ധപ്പഗൗഡ. പറമ്പിലെ കുളത്തിൽ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ ഗൗഡയെ പ്രതികൾ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2011 മാർച്ച് 4നായിരുന്നു സംഭവം. കാസർകോട് അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചതിനെതിരെ ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മുറിവ്, മരണകാരണം എന്നിവ സംബന്ധിച്ച് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, കുറ്റകൃത്യത്തിന്റെ സമയം, മൊഴിയിലെയും പ്രഥമവിരവ റിപ്പോർട്ടിലെയും പൊരുത്തക്കേടുകൾ, ആയുധം കണ്ടെത്തിയതിലെ സംശയങ്ങൾ തുടങ്ങിയവ കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി വിധി പറഞ്ഞത്. മുഖ്യസാക്ഷിയും കൊല്ലപ്പെട്ടയാളുടെ മകനുമായ യുവാവിന്റെ വിശ്വാസ്യയോഗ്യമല്ലാത്ത വിവരണത്തിനനുസരിച്ച് പൊലീസ് 'തുന്നിച്ചേർത്ത" കേസാണിതെന്നും ഹൈക്കോടതി വിലയിരുത്തി.