ഒരു പകൽ നീണ്ട സസ്‌പെൻസ്: പ്രഖ്യാപനമില്ലാതെ മടക്കം
ന്യൂഡൽഹി: സസ്‌പെൻസ് മുറ്റി നിന്ന പകൽ . വൈകിട്ട് രാജാജി മാർഗിൽ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിലെ മൂന്നു മണിക്കൂർ ചർച്ചയിലും അയയാത്ത തർക്കങ്ങളിൽ കുരുങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം.
മുഖ്യമന്ത്രി പദത്തിന് സാദ്ധ്യത കൽപ്പിക്കുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒപ്പം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ശനിയാഴ്ച പുലർച്ചെ ഡൽഹിയിലേക്ക് വന്നത് ഒരു വിമാനത്തിലെങ്കിലും ഇരുന്നത് മൂന്നിടത്ത്. കേരളാ ഹൗസിൽ വി.ഡി. സതീശന് 104-ാം നമ്പർ മുറിയിലെ സ്യൂട്ട് റൂമും സണ്ണി ജോസഫിന് ഒന്നാം നിലയിലുമായിരുന്നു താമസമൊരുക്കിയത്. രാത്രി ഡൽഹി ഹാബിറ്റാറ്റ് ഹൗസിൽ തങ്ങിയ രമേശ് ചെന്നിത്തല കേരളാ ഹൗസിലെത്തിയത് രാവിലെ. ഖാർഗെയുടെ വസതിയിൽ രാവിലെ പത്തു മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ ചർച്ച വൈകിയതോടെ നേതാക്കൾ കാത്തിരുന്നു. ഇടയ്‌ക്ക് പുറത്തേക്ക് പോയ ചെന്നിത്തലയെയും സണ്ണി ജോസഫിനെയും ദൃശ്യമാദ്ധ്യമങ്ങൾ വളഞ്ഞങ്കിലും മൗനം പാലിച്ചു. കെ.സി. വേണുഗോപാൽ ഡൽഹിയിലെ വസതിയിലായിരുന്നു.
വൈകിട്ട് നാലു മണിക്ക് ചർച്ചയെന്ന വിവരം നേതാക്കൾക്ക് ലഭിച്ചതോടെ കേരളാ ഹൗസിൽ സസ്‌പെൻസ് മുറുകി. കേരള മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചയായതിനാൽ ദേശീയ മാദ്ധ്യമങ്ങളും വന്നതോടെ വാഹനങ്ങളും ആളുകളും നിറഞ്ഞു. രമേശും സണ്ണി ജോസഫും മൂന്നു മണി കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. നാലു മണിയോടെ വി.ഡി. സതീശനിറങ്ങി. മാദ്ധ്യമങ്ങൾ വളഞ്ഞെങ്കിലും പ്രതികരിച്ചില്ല.നാലു മണിക്ക് ശേഷം മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിലേക്കായി ശ്രദ്ധ. രാത്രി വൈകിയാലും പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യ സൂചന. ഏഴു മണിയോടെ രാഹുൽ ഗാന്ധിയുടെ വാഹനം പുറത്തേക്ക്. പിന്നാലെ ഖാർഗെയുടെ വസതിയുടെ രണ്ടാം ഗേറ്റിലൂടെ കേരളാ നേതാക്കളും ദീപാ ദാസ് മുൻഷിയും മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക്. ആകാംക്ഷയോടെ കാതോർത്ത മാദ്ധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമെന്ന ദീപാ ദാസ് മുൻഷിയുടെ നിരാശയുള്ള മറുപടി.ചർച്ചകൾക്ക് ശേഷം വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കേരളാ ഹൗസിലേക്കും കെ.സി. വേണുഗോപാൽ ഡൽഹിയിലെ വസതിയിലേക്കും മടങ്ങി. കേരളാ ഹൗസിൽ മാദ്ധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളിലും മനസു തുറക്കാതെ നേതാക്കൾ.