കാർ കത്തി ഗർഭിണി മരിച്ച സംഭവം:ഭർത്താവും മരിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ ഏഴ് മാസം ഗർഭിണിയായ സോന (27) കാർ കത്തി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും (34) മരിച്ചു. കഴിഞ്ഞ 15ന് രാത്രി 9.15നാണ് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വച്ച്, സോനയെ ഡോക്ടറെ കാണിച്ച് വരുംവഴി കാർ കത്തിയത്. രജിൻലാലാണ് കാറോടിച്ചിരുന്നത്. കാറിന്റെ പിൻസീറ്റിലായിരുന്നു സോന സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. രജിൻലാൽ പുറത്തിറങ്ങി പിൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സോനയെ രക്ഷിക്കാനായില്ല. രജിൻലാലിന് നെഞ്ചത്തും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കാറിന്റെ ഉൾഭാഗം മാത്രം കത്തിയത് സംശയത്തിനിടയാക്കി. ഫോറൻസിക് പരിശോധനയിൽ കാറിൽ പെട്രോൾ സാന്നിദ്ധ്യം കണ്ടെത്തുകയും ബങ്കിൽ നിന്ന് പെട്രോൾ വാങ്ങിവരുന്ന സോനയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവരികയും ചെയ്തിരുന്നു. പെട്രോൾ വാങ്ങിയ കന്നാസിന്റെ അടപ്പും കൊണ്ടുവന്ന ബാഗിന്റെ അവശിഷ്ടങ്ങളും കാറിൽ നിന്ന് കണ്ടെത്തി. മറ്റൊരു സ്ത്രീയുമായി രജിൻലാലിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സോനയും രജിൻലാലും തമ്മിൽ തർക്കമുണ്ടായിരുന്നു. മസ്കറ്റിലായിരുന്ന രജിൻലാൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. അതേസമയം മാനസികമായി പീഡിപ്പിച്ചെന്നും സോനയുടേത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. പൂവത്തുംചാലിൽ രാജന്റെയും സരോജിനിയുടെയും മകനാണ് രജിൻലാൽ.സഹോദരങ്ങൾ: രാംജിത് (മിലിട്ടറി), ശരണ്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.