മലയാളി യുവതിയും മകളും ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Sunday 24 May 2026 12:27 AM IST

കണ്ണൂർ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് കടപ്പുറം വാസുലാൽ ടെക്സ്റ്റയിൽസിനു സമീപം 'ആർഷ അഷിത'യിൽ ആർഷ (35), ഏകമകൾ റൂഹി (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ആർഷ സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു. നിഹാലിന്റെ പിതാവും സഹോദരനുമെല്ലാം യു.എ.ഇയിൽത്തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മരണ വിവരമറിഞ്ഞ് ആർഷയുടെ അച്ഛൻ ടി.കെ പുരുഷോത്തമനും അമ്മ ഗീതയും ഷാർജയിൽ എത്തി. സംസ്കാരം പിന്നീട് നടക്കും.

റോഡ് മുറിച്ചുകടക്കവെ ഇവർ കാറിടിച്ച് മരിച്ചെന്നായിരുന്നു നാട്ടിൽ ആദ്യം കിട്ടിയ വിവരം. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.