ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ

Monday 01 June 2026 1:17 AM IST

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം നാളെ പുനരാരംഭിക്കും. നാളെ ചോദ്യോത്തരം ഉണ്ടാവില്ല. രാവിലെ 9ന് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും.ഭരണപക്ഷത്തു നിന്ന് ഷാനിമോൾ ഉസ്മാനാണ് (കോൺഗ്രസ്) മത്സരിക്കുന്നത്. പ്രതിപക്ഷത്തു നിന്ന് സി.പി.ഐ അംഗം മുഹമ്മദ് മൊഹ്സീനും.

തുടർന്ന് സീറോ അവർ. അടിന്തരപ്രമേയവും ശ്രദ്ധക്ഷണിക്കലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതിന് ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന ഉപക്ഷേപം എം.വിൻസെന്റ് അവതരിപ്പിക്കും. തുടർന്ന് നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച. ജൂൺ 3,4 തീയതികളിലും നന്ദിപ്രമേയ ചർച്ച നടക്കും. 19നാണ് പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. അധികാരമൊഴിഞ്ഞ സർക്കാർ പൂർണബഡ്ജറ്റ് പാസാക്കി പോയതിനാൽ ,ആ ബഡ്ജറ്റിലെ ആകെ തുകകളിൽ മാറ്റം വരുത്താൻ പുതിയ സർക്കാരിന് ആവില്ല. പ്ളാൻ ഫണ്ടിലും മാറ്റം വരുത്താനാവില്ല.