ദുബായ് സെക്സ് റാക്കറ്റ്: യുവതികളെ മയക്കിയത് മെത്താംഫിറ്റമിൻ നൽകി
കൊച്ചി: കേരളത്തിൽ നിന്ന് ദുബായിലെത്തിച്ച യുവതികളെ ബോധരഹിതരാക്കാൻ പെൺവാണിഭ, മനുഷ്യക്കടത്ത് സംഘം ഉപയോഗിച്ചത് മെത്താംഫിറ്റമിൻ. പച്ചവെള്ളത്തിലും ശീതള പാനീയത്തിലും വെള്ളപ്പൊടി കലർത്തി നൽകി ബോധരഹിതരാക്കിയാണ് തങ്ങളെ ഇടപാടുകാർക്ക് കാഴ്ചവച്ചതെന്ന് ഇരകൾ പൊലീസിന് മൊഴി നൽകിയിരുന്നു, മെത്ത് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അറസ്റ്റിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും മനുഷ്യക്കടത്തിന്റെ മറവിൽ ലഹരിക്കടത്തും നടത്തുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. റിമാൻഡിൽ കഴിയുന്ന നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന ചോദ്യം ചെയ്യലിൽ ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും.
ദുബായിലെ ഫാഷൻ ഷോയിലേക്ക് മോഡലുകളെ ക്ഷണിച്ചുകൊണ്ടുള്ള അലീനയുടെ റീൽസിന്റെ ചിത്രീകരണം നടന്നത് പനമ്പിള്ളി നഗറിലാണെന്ന് ഗുണ്ടാ നേതാവ് ഔറംഗസീബിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലും പൊലീസ് പരിശോധിക്കുന്നു. മരട് പൊലീസ് സ്റ്റേഷന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത മോഡൽ അലീനയുടെ ആൺസുഹൃത്താണ് ഇയാൾ. നിരവധി താരങ്ങളും മോഡലുകളും ചിത്രീകരണത്തിൽ പങ്കാളികളായിട്ടുണ്ടെന്നും ഔറംഗസീബ് പറഞ്ഞു. അലീനയ്ക്ക് പുറമെ, ഫാഷൻഷോയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള നിരവധി സിനിമാ താരങ്ങളും ദുബായിൽ എത്തിയിരുന്നതായും, ഇവരിൽ അലീനയെ മാത്രം സെക്സ്റാക്കറ്റുമായി ബന്ധപ്പെടുത്തി കുടുക്കാൻ ശ്രമം നടക്കുന്നതായുമാണ് ഇയാളുടെ ആരോപണം.
സെക്സ് റാക്കറ്റുമായി ഔറംഗസീബിന് ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇയാളുടെ അഭിമുഖം സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവന്നത്. അലീനയെയും ഔറംഗസീബിനെയും വൈറ്റിലയിലെ ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, റാക്കറ്റിന്റെ ഇടനിലക്കാരായി കൂടുതൽ ആൾക്കാർ പ്രവർത്തിച്ചിരുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ ഏതാനും പേർ കൂടി പിടിയിലാകും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി തുടങ്ങിയതായി പൊലീസ് പറഞ്ഞു.