അഡി. സോളിസിറ്റർ ജനറൽ ഹാജരാകും, മാസപ്പടിക്കേസിൽ ഇ.ഡിക്കും വീണയ്ക്കും ഇന്ന് നിർണായകം

Monday 01 June 2026 12:56 AM IST

കൊച്ചി: മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വീണയ്ക്കെതിരായ നടപടികൾ ഇ.ഡി കടുപ്പിക്കും. സി.എം.ആർ.എൽ ശനിയാഴ്‌ച സമർപ്പിച്ച അപ്പീൽ ഇന്നാണ് പരിഗണിക്കുന്നത്.

അഡിഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരൻ ചെന്നൈയിൽ നിന്നും ഇ.ഡി പ്രോസിക്യൂട്ടർ സുഹൈബ് ഹുസൈൻ ഡൽഹിയിൽ നിന്നും ഓൺലൈനിൽ ഹാജരാകും. കൊച്ചിയിലെ പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടു ഹാജരാകും.

ഇടക്കാല സ്റ്റേ ഉൾപ്പെടെ സി.എം.ആർ.എല്ലിന് അനുകൂലമായ ഉത്തരവുകൾ ഉണ്ടാകാതിരിക്കാൻ ഡൽഹിയിലെ ആസ്ഥാനവും നിയമവശങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിറുത്താനാണ് ഇ.ഡിയുടെ ശ്രമം. ഇ.ഡി ശേഖരിച്ച തെളിവുകൾക്ക് പുറമെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണത്തിലെ വിവരങ്ങളും കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ വിവരങ്ങളും ആവശ്യമെങ്കിൽ കൈമാറും. വീണ വിജയന്റെ എക്സാലോജിക്കുമായുള്ള ഇടപാടിൽ ഒതുങ്ങാതെ സി.എം.ആർ.എൽ നടത്തിയ 182 കോടി രൂപയുടെ ദുരൂഹമായ ഇടപാടുകളിലുൾപ്പെടെ അന്വേഷണം നടത്തുന്നതും കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് ഓഹരിയുള്ള സ്ഥാപനം നടത്തിയ ദുരൂഹയിടപാടുകളാണ് അന്വേഷണ വിഷയമെന്ന് വാദിക്കും.

മറ്റു രണ്ട് ഏജൻസികൾ അന്വേഷിക്കുന്ന ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കാൻ അധികാരം തങ്ങൾക്കാണെന്നാണ് ഇ.ഡിയുടെ വാദം. മറ്റ് ഏജൻസികൾ അന്വേഷിച്ച കേസിൽ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്ന് സ്ഥാപിക്കണം. കള്ളപ്പണ വിനിമയ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം തങ്ങൾക്കുള്ള വിപുലമായ അധികാരങ്ങൾ കോടതിയിൽ അവതരിപ്പിച്ച് അന്വേഷണം തുടരാനുള്ള സാഹചര്യം ഒരുക്കാനാണ് ഇ.ഡി ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം.