എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് ; മൊഴി മാറ്റിയിട്ടില്ല,​ പ്രചാരണം തെറ്റെന്ന് പരാതിക്കാരി

Monday 25 May 2026 9:54 PM IST

തിരുവനന്തപുരം : മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കതിരെയുള്ള പീഡനക്കേസിൽ മൊഴി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയിട്ടില്ലെന്നും യുവതി പറഞ്ഞു. കേസിലെ വിചാരണ നടപടികൾ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ചിരുന്നു, അടച്ചിട്ട കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. പ്രതികളെ തിരിച്ചറിയൽ നടപടിക്ക് ശേഷം യുവതിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതേത്തുടർന്ന് കേസ് നാളത്തേക്ക് മാറ്റിവച്ചു.

ഇതിനിടെയാണ് പരാതിക്കാരി മൊഴിമാറ്റി എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ താൻ മൊഴി മാറ്റിയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും യുവതി പറഞ്ഞു. തിരിച്ചറിയൽ നടപടിക്കായി നാലുപേർ പ്രതിക്കൂട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ തന്നെ മാറ്റിയിരുത്തി. അതിന് ശേഷം കേസ് അടുത്ത ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൻ ആശുപത്രിയിലേക്ക് മടങ്ങി. നിലവിൽ കേസുമായി മുന്നോട്ടുപോകുകയാണ്. കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ട്. പ്രതികളെ തിരിച്ചറിയുന്ന നടപടി മാത്രമാണുണ്ടായത്. മൊഴി മാറ്റിയിട്ടില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.