കേക്ക് മുറിച്ചും മധുരം വിളമ്പിയും 'ദേവകി"യിൽ ആഘോഷം

Thursday 14 May 2026 11:16 PM IST

ആലുവ: നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി.സതീശന്റെ ആലുവയിലെ 'ദേവകി" വീട്ടിൽ കേക്ക് മുറിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ആഘോഷം. ഭാര്യ ലക്ഷ്മിപ്രിയ, മാതാപിതാക്കളായ വേലായുധൻ, രമ എന്നിവർ വീട്ടിലുണ്ടായിരുന്നു. വി.ഡിയുടെ സഹായി വെളിയത്തുനാട് സ്വദേശി ആരിഫ് 'കൺഗ്രാറ്റ്സ് സി.എം വി.ഡി.എസ്" എന്നെഴുതിയ കേക്കുമായി വന്നു. വീട്ടുകാർ മാത്രം പങ്കെടുത്ത 'പർപ്പിൾ കേക്ക്' മുറിക്കലിന് ശേഷം പ്രവർത്തകർക്കും അയൽവാസികൾക്കും ആരിഫ് കേക്ക് നൽകി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പുതുപ്പള്ളി സ്വദേശി ഐപ്പ് ചാണ്ടി പ്രശസ്തമായ ബംഗളൂരു സ്വീറ്റ്സും ലഡുവുമായെത്തി. ബംഗളൂരു സിറ്റി മൈനോറിട്ടി സെൽ ജനറൽ സെക്രട്ടറി കൂടിയാണ് ഐപ്പ് ചാണ്ടി. ഇതിനിടെ ആഹ്ളാദം പങ്കിട്ട് ചെങ്ങമനാട് നിന്ന് പാരഡി ഗാനങ്ങളുമായി മൈക്ക് വാഹനവും എത്തി. 'പടനയിച്ചവൻ ഇനി നാടുഭരിക്കട്ടെ.... കെ.സി.വേണ്ട മോനെ, വി.ഡി.തന്നെ മതി...വാശികളയ് മോനെ, സി.എം.വി.ഡി തന്നെ മതി..." എന്ന് തുടങ്ങുന്ന ഗാനം ഉയർന്നു. ആരെയും കളിയാക്കുന്ന ഗാനം വേണ്ടെന്ന് ചില പ്രവർത്തകർ നിർദ്ദേശിച്ചതോടെ അത് നിറുത്തി. രാഷ്ട്രീയ ഭേദമില്ലാതെ അയൽവാസികളും ആഹ്ളാദം പങ്കിടാനെത്തിയിരുന്നു. സി.പി.എം ചെങ്ങമനാട് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ കെ.വി.സുദീഷിന്റെ വീട്ടുമുറ്റത്താണ് മാദ്ധ്യമപ്രവർത്തകർ ഏറെയും തമ്പടിച്ചത്. അവർക്കാവശ്യമായ ദാഹജലവും മറ്റും നൽകി വീട്ടുകാർ സഹകരിക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോഴും രാഷ്ട്രീയ ഭേദമെന്യേ നൂറുകണക്കിനാളുകൾ വി.ഡിക്ക് ആശംസ അറിയിക്കാൻ എത്തിയിരുന്നു. പ്രഖ്യാപനം മാറ്റിയെന്നറിഞ്ഞപ്പോൾ നിരാശയോടെ മടങ്ങിയവർക്കും ഇന്നലെ ആഹ്ളാദമായി.