വൈദ്യുതി വാങ്ങലിലെ അധികബാദ്ധ്യത: ജൂണിൽ 2 പൈസ സർചാർജ്

Monday 01 June 2026 12:44 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഏപ്രിലിൽ വൈദ്യുതി വാങ്ങിയതിന്റെ അധിക ബാദ്ധ്യത നികത്താൻ ഉപഭോക്താക്കളിൽ നിന്ന് ജൂണിലെ ബില്ലിൽ യൂണിറ്റിന് 2 പൈസ വീതം സർച്ചാർജ് ഈടാക്കും. ഏപ്രിലിൽ കേരളത്തിന് പുറത്തുള്ള വിവിധ ഉത്പാദകരിൽ നിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിലെ അധികബാദ്ധ്യത 5.48 കോടി രൂപയാണ്.

മാർച്ചിൽ വൈദ്യുതി വാങ്ങിയതിന്റെ അധികബാദ്ധ്യതയായ 1.19 കോടി സമാഹരിക്കാൻ മേയ് മാസത്തെ ബില്ലിൽ യൂണിറ്റിന് 1 പൈസ വീതമായിരുന്നു സർചാർജ്ജ്. പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങേണ്ടിവന്നതിനാൽ മേയ് മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിന്റെ അധികഭാരം ജൂലായ്‌യിലെ ബില്ലിൽ സർചാർജ്ജായി എത്തിയേക്കും. ബാദ്ധ്യതകൂടുന്നതിനനുസരിച്ച് പരിധിയില്ലാതെ സർചാർജ് പിരിക്കാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതിയുണ്ട്.

ചരിത്രത്തിലാദ്യമായി മാർച്ച് മാസത്തെ ബില്ലിൽ കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് തിരികെ നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ വൈദ്യുതി വാങ്ങൽചെലവിലുണ്ടായ കുറവ് കണക്കാക്കിയാണിത്. മാർച്ച് മാസത്തെ ബില്ലിൽ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1 പൈസയുമാണ് കുറഞ്ഞത്. എന്നാൽ മാർച്ചിൽ വൈദ്യുതി വാങ്ങൽ ചെലവ് കൂടിയതോടെ ഇന്ധന സർചാർജ് തിരികെ എത്തുകയായിരുന്നു.

വൈദ്യുതി ഉപഭോഗം പഠിക്കാൻ നിർദ്ദേശം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച വിശദപഠനത്തിന് കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷൻ നിർദ്ദേശം. അടുത്ത 10-15 വർഷ കാലയളവിൽ ഉണ്ടാകാവുന്ന വൈദ്യുതി ആവശ്യകത പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകണം. വൈദ്യുതി മേഖലയിലെ ഏത് അധികച്ചെലവും ഉപഭോക്താക്കളുടെ താരിഫിൽ പ്രതിഫലിക്കുന്ന സാഹചര്യത്തിൽ അക്കാഡമിക് പഠനം മാത്രമായി ഇത് ചുരുങ്ങരുത്. സർക്കാരിന്റെ വ്യവസായ, സംരംഭകത്വ നയങ്ങളടക്കം പരിശോധിച്ച് വൈദ്യുതി ആവശ്യകത കൃത്യമായി വിലയിരുത്താനാണ് നിർദ്ദേശം.