ട്യൂഷന് പോയ മകളെ കാത്തിരുന്നു , കേട്ടത് അരുംകൊലയുടെ വാർത്ത

Tuesday 25 February 2025 2:26 AM IST

തിരുവനന്തപുരം;ട്യൂഷൻ പോയ മകൾ തിരിച്ചു വരുന്നത് കാത്തിരുന്ന മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്ത. വെഞ്ഞാറമൂട് മൂക്കന്നൂരിലെ സുനിൽ -ഷീജ ദമ്പതികളുടെ മകൾ ഫർസാന ഇന്നലെ വൈകിട്ട് മൂന്നര വരെ വീട്ടിൽ ഉണ്ടായിരുന്നു. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പി.ജി.വിദ്യാർത്ഥിയായ ഫർസാനയെ കാമുകൻ അഫാൻ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയിരുന്നു. പെൺകുട്ടിയെ വീടിന്റെ മുകളിലെത്ത നിലയിലെ മുറിയിൽ എത്തിച്ചശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ച് തലയിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു.

പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉൾപ്പെട്ടതായി വ്യക്തമായത്. അഫാനുമായി പെൺകുട്ടിക്ക് ബന്ധമുള്ളതായി വീട്ടുകാർക്ക് ഇതുവരെ അറിവുണ്ടായിരുന്നില്ല. എന്നാൽ രണ്ടു ദിവസം മുൻപ് പെൺകുട്ടിയുമായി അഫാൻ ബുള്ളറ്റിൽ യാത്രചെയ്യുന്നത് അഫാന്റെ ബന്ധു കണ്ടിരുന്നു. വെൽഡിംഗ് പണിക്കാരനാണ് ഫർസാനയുടെ പിതാവ് സുനിൽ .