സിനിമ ചർച്ചയ്ക്ക് മാത്രമായുള്ള ഫ്ളാറ്റ്, ലഹരി കേന്ദ്രമെന്ന് സൂചന; സംവിധായകരെ ഫെഫ്ക സസ്‌പെൻഡ് ചെയ്തു

Sunday 27 April 2025 11:00 AM IST

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെട്ട സംവിധായകന്മാരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. സംഘടനയുടെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നാണ് ഇരുവരെയും പുറത്താക്കിയത്. ലഹരിയിൽ വലുപ്പച്ചെറുപ്പമില്ലാതെ നടപടിയെടുക്കുമെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പ്രതികരിച്ചു. സിനിമ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്നും ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് പുലർച്ചെയോടെയാണ് കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് സംവിധായകരെ എക്‌സൈസ് സംഘം പിടികൂടിയത്. ഛായാഗ്രഹകനായ സമീർ താഹിറിന്റെ പേരിലുള്ളതായിരുന്നു ഫ്ളാറ്റ്. സംഭവത്തിൽ സമീർ താഹിറിനെയും ചോദ്യം ചെയ്‌തേക്കും. സമീർ താഹിറിനെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് തീരുമാനം. ഈ ഫ്ളാറ്റിൽ രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്.

തിരക്കഥാ രചനയ്ക്കും സിനിമ ചർച്ചകൾക്കും വേണ്ടി എടുത്തിരിക്കുന്ന ഫ്ളാറ്റാണിത്. ഇവിടെ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. ലഹരി ഉപയോഗിക്കാൻ വേണ്ടി ഇവിടെ ആളുകൾ സ്ഥിരമായി എത്തുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ആരാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയതെന്നതിനെക്കുറിച്ചും അന്വേഷിക്കും. പിടിയിലായ മൂന്ന് പേരിൽ നിന്നും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു യുവാവാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയത്. ലഹരി ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണ് എക്‌സൈസ് സംഘം ഫ്ളാറ്റിൽ എത്തി പിടികൂടുന്നത്.