സ്കൂൾ തുറപ്പ്: ഫിറ്റ്‌നസ് പരിശോധന തുടങ്ങി​

Sunday 10 May 2026 12:00 AM IST

കൊച്ചി: സ്കൂൾ തുറപ്പി​ന് മുമ്പ് കെട്ടിട - പരിസര സുരക്ഷ ഉറപ്പാക്കാനുള്ള ഫിറ്റ്‌നസ് പരിശോധനകൾക്ക് തുടക്കമായി. ഒരാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കും. വകുപ്പുകളുടെ ഏകോപനക്കുറവ് പരിഹരിക്കാൻ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചാണ് പരിശോധന. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകും.

ഫി​റ്റ്നസ് പരി​ശോധനയ്‌ക്ക് പാലിക്കേണ്ട നടപടികളും, എൻ.ഒ.സി ലഭിക്കാൻ ബുദ്ധിമുട്ടുള്ള ഫയ‌ർ ആൻഡ് റെസ്ക്യൂ, വനം വകുപ്പുകളുടെ പരിശോധനകൾ സുഗമമാക്കാൻ ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് ചെക്‌ലിസ്റ്റുകൾ നൽകിയിട്ടുണ്ട്.

മെഡിക്കൽ ഓഫീസർ, അഗ്നിരക്ഷാ സേന, വനം വകുപ്പ്, പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എസ്.എച്ച്.ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ എൻ.ഒ.സി​ ഉണ്ടെങ്കിൽ മാത്രമേ ഫിറ്റ്നസ് അനുവദിക്കൂ.അറിയിപ്പ് ലഭിച്ചില്ലെന്നു പറഞ്ഞ് പല വകുപ്പുകളും പരിശോധനകളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായുള്ള പ്രധാനാദ്ധ്യാപകരുടെ പരാതിയെ തുടർന്നാണ് നോഡൽ ഓഫീസറെ നിശ്ചയിച്ചത്. എൻ.ഒ.സികൾ ലഭിച്ച ശേഷം നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്കൂളുകൾ സന്ദർശിച്ച് റിപ്പോർട്ട് നൽകും.

സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് കാണിച്ച് പ്രധാനാദ്ധ്യാപകർ സത്യപ്രസ്താവന നൽകണം. കണ്ടെത്തുന്ന വീഴ്ചകൾ പരിഹരിക്കാൻ സ്കൂളുകൾക്ക് സമയം നൽകും. തുടർ പരിശോധനയ്‌ക്കു ശേഷമേ എൻ.ഒ.സി നൽകൂ. ഇത് കെ-സ്മാ‌ർട്ടി​ലൂടെ അപ്‌ലോഡ് ചെയ്താലേ ഫിറ്റനസ് നടപടി പൂ‌ർത്തിയാകൂ.