SignIn
Kerala Kaumudi Online
Monday, 18 May 2026 3.12 PM IST

നല്ല പോത്തിറച്ചി കിട്ടാനില്ല, പകരം ബീഫെന്ന‌ പേരിൽ നാട്ടുകാരെ പറ്റിച്ച് വിൽക്കുന്നത് വേറൊരു ജീവിയുടെ ഇറച്ചി

buffalo-meat

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാസങ്ങളായി പോത്തിറച്ചി ലഭ്യത പൂർണ്ണമായും നിലച്ച മട്ടിൽ ജനങ്ങൾ പ്രതിസന്ധിയിൽ. പോത്തിറച്ചി മാത്രം വിൽപന നടത്തിയിരുന്ന മുള്ളൻകൊല്ലിയിലെ ഗ്രാമീൺ മാർക്കറ്റിലെ സ്റ്റാൾ അടച്ചുപൂട്ടിയതോടെയാണ് ഈ മേഖലയിൽ ക്ഷാമം രൂക്ഷമായത്. ഇതോടെ പുൽപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും പോത്തിറച്ചി എന്ന പേരിൽ ഗുണനിലവാരമില്ലാത്ത മറ്റ് ഇറച്ചികൾ വിൽപന നടത്തുന്നതായി പരക്കെ പരാതിയുണ്ട്.


വിലവർദ്ധനവും കന്നുകാലിക്ഷാമവും


കടുത്ത വേനലും വരൾച്ചയും കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും കന്നുകാലികളെ എത്തിക്കുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആവശ്യത്തിന് പോത്തുകളെ കിട്ടാനില്ലാത്തതും, ഉള്ളവയ്ക്ക് ക്രമാതീതമായി വില ഉയർന്നതും പ്രാദേശിക കശാപ്പുകാരെ വലിയ പ്രതിസന്ധിയിലാക്കി.


ഒരു മാസം മുൻപ് ഗ്രാമീൺ മാർക്കറ്റിൽ കിലോയ്ക്ക് പോത്തിറച്ചി വില ഒറ്റയടിക്ക് 40 രൂപ ആക്കി ഉയർത്തിയതിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് വിപണനം മാസങ്ങളായി നിർത്തിവെച്ചത്.


പോത്തിറച്ചിയുടെ പേരിൽ കബളിപ്പിക്കൽ; ആരോഗ്യവകുപ്പ് അനങ്ങുന്നില്ലെന്ന് ആക്ഷേപം


പോത്തുകളെ കിട്ടാനില്ലെന്ന വ്യാജേന വലിയ വില ഈടാക്കിക്കൊണ്ട് പുൽപ്പള്ളി ടൗണിലും മറ്റ് പ്രദേശങ്ങളിലും വലിയ കള്ളത്തരങ്ങളാണ് ചില കച്ചവടക്കാർ കാണിക്കുന്നത്. പോത്തിറച്ചി എന്ന പേരിൽ ഗുണനിലവാരമില്ലാത്ത എരുമയിറച്ചിയും മൂരി ഇറച്ചിയുമാണ് പലയിടത്തും വിൽക്കുന്നത്.


ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ട ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് അധികൃതരും കച്ചവടക്കാരുടെ ഈ ചൂഷണത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നിസ്സംഗത കള്ളത്തരം കാണിക്കുന്ന കച്ചവടക്കാർക്ക് കൂടുതൽ പ്രചോദനമാകുകയാണ്.


പരിശോധനകൾ കർശനമാക്കി; താൽക്കാലിക കേന്ദ്രങ്ങൾ പൂട്ടി


അതേസമയം, കശാപ്പുശാലകളുടെ ലൈസൻസ് നടപടികളും മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിശോധനകളും കർശനമാക്കിയതോടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത പല താൽക്കാലിക വിപണന കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.


ഉയരുന്ന ജനകീയ ആവശ്യം


പ്രദേശവാസികൾക്ക് ന്യായമായ വിലയിൽ വിശ്വസിച്ച് വാങ്ങാൻ കഴിയുന്ന ശുദ്ധമായ പോത്തിറച്ചി ലഭ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം. മുള്ളൻകൊല്ലിയിലെ ഗ്രാമീൺ മാർക്കറ്റ് എത്രയും വേഗം തുറന്ന് പ്രവർത്തിക്കാനും, വിപണിയിലെ കന്നുകാലിക്ഷാമം പരിഹരിച്ച് ഇറച്ചി വിതരണം സാധാരണ നിലയിലാക്കാനും സർക്കാർ സംവിധാനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BEEF, STALL, NOT GOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA