കോതമംഗലം അടിവാട് ഫുട്‌ബാൾ ഗ്യാലറി തകർന്ന് പരിക്കേറ്റത് 52 പേർക്ക്, സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു

Monday 21 April 2025 7:48 AM IST

കോതമംഗലം: അടിവാട് പല്ലാരിമംഗലത്ത് ഫുട്‌ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ് കേസ്. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്. നിലവിൽ 52 പേർക്ക് സംഭവത്തിൽ പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും നില ഗുരുതരമല്ല എന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്.

മരം കൊണ്ടുണ്ടാക്കിയ താൽക്കാലിക ഗ്യാലറിയിൽ മത്സരം കാണാൻ കൂടുതൽ ആളുകൾ കയറിയതാകാം അപകടകാരണം എന്നാണ് സൂചന. മഴയിൽ താൽക്കാലിക ഗ്യാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞുപോയതും അപകടത്തിലേക്ക് നയിച്ചെന്നാണ് സംഘാടകർ അറിയിക്കുന്നത്. ടൂർണമെന്റിലെ ഫൈനൽ മത്സരത്തിന് തൊട്ടുമുൻപാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഈ മത്സരത്തിന് മുൻപായാണ് പ്രദേശത്ത് മഴപെയ്‌തത്. നാലായിരത്തോളം പേരാണ് മത്സരം കാണാൻ സ്ഥലത്തെത്തിയിരുന്നത്.

രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ താത്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത്. അടിവാട് ഹീറോ യംഗ്സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഫ്ളഡ്ലിറ്റ് സെവൻസ് ടൂർണമെന്റാണ് നടന്നിരുന്നത്. അപകടത്തിൽ പെട്ടവരെ പൊലീസും സംഘാടകസമിതിയും ഫയർഫോഴ്‌സും ചേർന്ന് ഉടൻ കോതമംഗലത്തും ആലുവയിലുമുള്ള വിവിധ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.