സുധാകരന്റെ തോളിൽ തട്ടി പിണറായി; സത്യപ്രതിജ്ഞയ്‌ക്ക് ശേഷം അഭിവാദ്യം ചെയ്‌തത് നിറപുഞ്ചിരിയോടെ
തിരുവനന്തപുരം: എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം മുൻ സിപിഎം നേതാവും പ്രോ ടേം സ്‌പീക്കറുമായ ജി സുധാകരനെ അഭിവാദ്യം ചെയ്‌ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്‌പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്‌തു. സുധാകരനും കസേരയിൽ നിന്ന് എഴുന്നേറ്റ് പിണറായിയുടെ അടുത്തെത്തി തിരിച്ച് അഭിവാദ്യം ചെയ്‌തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രതിജ്ഞ ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് പതിനാറാം കേരള നിയമസഭയുടെ പ്രോ ടേം സ്‌പീക്കറായി ഭരണപക്ഷത്തിലെ മുതിർന്ന അംഗമായ ജി സുധാകരൻ ചുമതലയേറ്റത്. ബുധനാഴ്‌ച ലോക്‌ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച ജി സുധാകരന് മുന്നിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് കേരളം ഉറ്റുനോക്കുകയായിരുന്നു.
'പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുമ്പിലില്ല. എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്നതാണ് പ്രോ ടേം സ്‌പീക്കറുടെ ജോലി. പിണറായി രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നു. ആ സർക്കാരിൽ ഞാനും അംഗമായിരുന്നു. എനിക്കാരോടും ശത്രുതയില്ല. രാഷ്‌ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല' - എന്നാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ജി സുധാകരൻ പറഞ്ഞത്.