കോൺഗ്രസിനെ ലീഗിന് മുന്നിൽ പണയംവച്ചെന്ന് വി.മുരളീധരൻ

Wednesday 13 May 2026 1:33 AM IST

തിരുവനന്തപുരം: കോൺഗ്രസിനെ ലീഗിന് മുൻപിൽ പണയം വച്ചിരിക്കുകയാണോയെന്ന് കോൺഗ്രസുകാർ വ്യക്തമാക്കണമെന്ന് നിയുക്ത കഴക്കൂട്ടം എം.എൽ.എയും ബി.ജെ.പി നേതാവുമായ വി.മുരളീധരൻ.

പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി അവരുടെ എം.എൽ.എമാരുമായി ചർച്ചയ്‌ക്കെത്തിയ നിരീക്ഷകരെ ലീഗ് നേതാക്കൾ ക്ഷണമില്ലാതെയാണ് സന്ദർശിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എട്ടാം നാളായിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ അധികാരത്തർക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളുമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.ഇവയാണ് കോൺഗ്രസിൽ കക്ഷിനേതാവിനെ തീരുമാനിക്കാനുള്ള കാലതാമസത്തിനു കാരണം. ജനങ്ങൾ രാഷ്ട്രീയത്തെ അവമതിപ്പോടെ കാണേണ്ടിവരുന്ന സാഹചര്യമാണ് കോൺഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇത്ര വൈകിയെങ്കിൽ മന്ത്രിമാരെ നിശ്ചയിക്കാൻ ഇനി എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.

ഒരാഴ്ചയായി സംസ്ഥാനത്ത് സർക്കാരില്ല.അതിനാൽ മഴക്കാല പൂർവ ശുചീകരണം,മാലിന്യപ്രശ്നം തുടങ്ങിയവ പരിഹരിക്കാൻ കാലതാമസം നേരിടുന്നു.കഴക്കൂട്ടം മണ്ഡലത്തിലെ മാലിന്യപ്രശ്നം ചർച്ച ചെയ്യാൻ മേയറുമായി അടുത്തദിവസം യോഗം നടത്തും. അധികാരത്തിൽ വരാൻ പോകുന്ന യു.ഡി.എഫ് സർക്കാർ ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ അവരുടെ നയം വ്യക്തമാക്കണമെന്നും ആചാരസംരക്ഷണത്തിന്റെ ഭാഗമായി എടുത്ത കേസുകൾ പുതിയ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.