നടി കേസ്: അതിജീവിത അപ്പീൽ നൽകും

Thursday 14 May 2026 12:27 AM IST

ധനശേഖരണം തുടങ്ങി

കൊച്ചി: തന്നെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതി വിധിക്കെതിരെ യുവ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതയ്‌ക്കായി ഹാജരാകുമെന്ന് നിയമ പോരാട്ടത്തിന് പിന്തുണ നൽകാൻ രൂപീകരിച്ച 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് " വ്യക്തമാക്കി.നിയമ പോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യു.ആർ കോഡും ട്രസ്റ്റ് പങ്കു വച്ചിട്ടുണ്ട്. പിന്തുണ അറിയിച്ച് ഡബ്ല്യു.സി.സിയും ട്രസ്റ്റിന്റെ വാർത്താക്കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ വച്ച് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണം കൃത്യമായി നടന്നില്ലെന്ന പരാതിയും അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവർക്കുണ്ട്.

കെ. അജിത, ദീദി ദാമോദരൻ തുടങ്ങിയവരാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.കേസിൽ ദിലീപിനെയടക്കം വെറുതേ വിട്ടതിനെതിരെ സർക്കാരും, 20 വർഷം തടവു ശിക്ഷ വിധിച്ചതിനെതിരെ പൾസർ സുനി ഉൾപ്പെടെ പ്രതികളും നൽകിയ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.