സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇത് പരിഗണിക്കവെ കേസിൽ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് കോടതിയുടെ നേരത്തേയുള്ള പരാമർശങ്ങൾ നീക്കംചെയ്യാമെന്ന് വാക്കാൽ അറിയിച്ച കോടതി ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക പാളികൾ സ്വർണം പൂശിയതാണെന്ന വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.ഈ അപ്പീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഉണ്ടായത്. അപ്പീൽ കൂടുതൽ വിശദമായി പരിഗണിക്കുന്നതിനായി വരുന്ന ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേസിൽ കഴിഞ്ഞ ജനുവരി ഒമ്പതിനായിരുന്നു തന്ത്രി അറസ്റ്റിലായത്. രഹസ്യകേന്ദ്രത്തിൽ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമായിരുന്നു അസ്റ്റുരേഖപ്പെടുത്തിയത്. അറസ്റ്റിലായി 41 ദിവസങ്ങൾക്കുശേഷമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച തെളിവുകളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വർണക്കൊള്ളക്കേസിൽ പ്രതികളെല്ലാം ഇപ്പോൾ ജാമ്യം ലഭിച്ച് പുറത്താണ്. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുമില്ല.