ഡെപ്യൂട്ടേഷൻകാർ മടങ്ങുന്നു: ഹയർ സെക്കൻഡറി സ്ഥലംമാറ്റം പ്രഹസനമാകും

Sunday 24 May 2026 12:00 AM IST

കൊച്ചി: ഭരണമാറ്റത്തിന് പിന്നാലെ ഡെപ്യൂട്ടേഷൻകാർ കൂട്ടമായി മാതൃവകുപ്പിലേക്ക് മടങ്ങുന്നത്, ഹയർ സെക്കൻഡറി മേഖലയിൽ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്‌തിരുന്നവരുടെ സ്ഥലംമാറ്റ മോഹത്തിന് തിരിച്ചടിയാകുന്നു. ചട്ടവിരുദ്ധമായ ഡെപ്യൂട്ടേഷൻ മടക്കം വിവാദമായതോടെ യു.ഡി.എഫ് അനുകൂലസംഘടനകൾ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.

മുൻസർക്കാരിന്റെ കാലത്ത് സമഗ്ര ശിക്ഷ കേരള, കൈറ്റ്, എസ്.സി.ഇ.ആർ.ടി തുടങ്ങിയവയിലും മറ്റു വകുപ്പുകളിലും ഡെപ്യൂട്ടേഷനിൽ രാഷ്ട്രീയനിയമനം ലഭിച്ചവരാണ് മടങ്ങാൻ കരുനീക്കുന്നത്. വർഷങ്ങളായി വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർ പൊതുസ്ഥലംമാറ്റത്തിലൂടെ നാട്ടിലെത്താൻ കാത്തിരിക്കുന്ന തസ്തികകളിൽ ഉദ്യോഗസ്ഥ സ്വാധീനം വഴി മടങ്ങാനാണ് ഇവരുടെ നീക്കം.

ഓൺലൈൻ സ്ഥലംമാറ്റം നടക്കുന്ന ഹയർ സെക്കൻഡറിയിൽ തസ്തികകൾ മാനദണ്ഡമനുസരിച്ച് അദ്ധ്യാപകർക്ക് ലഭിക്കണമെന്നാണ് വ്യവസ്ഥ. പ്രിൻസിപ്പൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും വഴി ത്രോൺ ഔട്ടാവുന്ന അദ്ധ്യാപകരെ സ്വന്തം ജില്ലയിൽ നിലനിറുത്തണം. സീനിയർ തസ്‌തികയിൽ സ്ഥാനക്കയറ്റം നേടുന്നവരെയും പരിഗണിക്കണം.

അന്യജില്ലകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തസ്തികകൾ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചവർക്ക് നൽകുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യു.ഡി.എഫ് അനുകൂല സംഘടനകൾ. 10 വർഷത്തിലേറെ വിദൂരജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് പൊതുസ്ഥലംമാറ്റത്തിലൂടെ ലഭിക്കേണ്ട തസ്തികകൾ ഉദ്യോഗസ്ഥതല സ്വാധീനത്തിലൂടെ തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല.

നാഥനില്ലാതാകും

സമഗ്ര ശിക്ഷ കേരള പോലുള്ള സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ് സ്‌കൂൾ തുറപ്പുകാലം. ഇത്തരം ഓഫീസുകളെ നാഥനില്ലാക്കളരിയാക്കി ഡെപ്യൂട്ടേഷൻകാർ മടങ്ങുന്നത് പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ താറുമാറാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

പ്രിൻസിപ്പൽമാരുടെയും അദ്ധ്യാപകരുടെയും ഓൺലൈൻ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും പൂർത്തിയാക്കിയ ശേഷമേ ബാക്കി ഒഴിവുകളിൽ ഡെപ്യൂട്ടേഷൻകാർക്ക് പുനർനിയമനം നൽകാവൂ.

അനിൽ എം. ജോർജ്

ജനറൽ സെക്രട്ടറി

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ