ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മുൻ കൗൺസിലർ ഐ പി ബിനു കീഴടങ്ങി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുൻ നഗരസഭാ കൗൺസിലർ ഐ.പി ബിനു കീഴടങ്ങി . പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വ്യാഴാഴ്ച രാത്രി ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. പിന്നാലെ പൊലീസ് നഗരത്തിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐപി ബിനു കീഴടങ്ങിയത്.. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിനു.
മ്യൂസിയം പൊലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന് ഐ.പി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു എന്ന് ആരോപിച്ചുള്ള കേസിലാണ് ഞാൻ പോലീസിന് മുന്നിൽ എത്തുന്നത്, പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്- ബിനു ഫേസ്ബുക്കിൽ കുറിച്ചു
കേസിൽ നേരത്തെ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ അതീവ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ 16 പേരാണ് പിടിയിലായത്. കേസിൽ പ്രതികളായ ആറ്റുകാൽ ഉണ്ണിയും പാളയം സന്തോഷും ഒളിവിലാണ്.