'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഷയം കൂടുതൽ  ഗൗരവത്തോടെ  കെെകാര്യം ചെയ്യും, സ്വർണക്കൊള്ള അന്വേഷണത്തിൽ തൃപ്തിയില്ല'

Saturday 30 May 2026 11:37 AM IST

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഷയത്തെ സർക്കാർ കൂടുതൽ ഗൗരവത്തോടെ കെെകാര്യം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഒരു ക്ഷേത്രസ്വത്തും അപഹരിക്കാൻ പാടില്ലെന്നും ആരാണെങ്കിലും നടപടിയെടുക്കുമെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഏത് അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളക്കേസിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്തിയില്ല. പക്ഷേ ഹെെക്കോടതിയുടെ നിർദേശത്തിലാണ് അന്വേഷണം എന്നതുകൊണ്ട് നിയമോപദേശം തേടിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐടിയെ മാറ്റാനുള്ള അധികാരം തങ്ങൾക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട, നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മോഷണം പോയതാണെന്ന പൊലീസ് റിപ്പോർട്ട് തള്ളിയ ക്ഷേത്രഭരണസമിതി സർക്കാരിന് നേരിട്ട് റിപ്പോ‌ർട്ട് നൽകും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന നിലപാടിലാണ് ഭരണസമിതി. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജില്ല ജഡ്ജി അദ്ധ്യക്ഷയായ ഭരണസിമിതിയാണ് പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും ക്ഷേത്രഭരണ സമിതി അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് കോടികളുടെ വൻകവർച്ച വ്യക്തമാക്കിയിരുന്നത്. 'വൈരനാമം' ആറുമാസം മുൻപ് പോളിഷ് ചെയ്യുന്നതിന് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ നിന്നും വലിയ തോതിൽ സ്വർണം മോഷണം പോയി. ഇതിൽ 9.75 പവൻ സ്വർണം കുറവുള്ളതായാണ് പ്രാഥമിക കണ്ടെത്തൽ.