കെ-ടെറ്റ് ഫലം വൈകുന്നു: താത്കാലിക നിയമനങ്ങളും
കൊച്ചി: സ്കൂൾ അദ്ധ്യാപക യോഗ്യതാ പരീക്ഷയായ 'കെ-ടെറ്റ്' ഫലം വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. അദ്ധ്യയന വർഷത്തിന് മുന്നോടിയായി സ്കൂളുകളിൽ താത്കാലിക നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്, ഫല പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് . ഫലം വന്നിരുന്നെങ്കിൽ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനായേനെ.
വിജ്ഞാപന പ്രകാരം 60 ദിവസത്തിനകം ഫലം വരേണ്ടതാണ്. പരീക്ഷ കഴിഞ്ഞിട്ട് 90 ദിവസവും പിന്നിട്ടു. 23-നകം പ്രസിദ്ധീകരിക്കുമെന്ന പരീക്ഷാ ഭവൻ ഉറപ്പ് നൽകിയിരുന്നെങ്കിലും നടന്നില്ല. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയ ക്യാമ്പുകളുമാണ് കാരണമായി അധികൃതർ പറയുന്നത്. 26-ന് ഹയർ സെക്കൻഡറി പരീക്ഷാ ഫലം വരുന്നതിന് മുമ്പ് കെ-ടെറ്റ് ഫലം പുറത്തുവിടാനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് പരീക്ഷാ ഭവൻ അറിയിച്ചു.
ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ അന്തിമ ഉത്തര സൂചിക തയ്യാറാക്കുന്നതിലെ കാലതാമസമാണ് പരീക്ഷാഫലം വൈകാൻ കാരണം. പ്രാഥമിക ഉത്തര സൂചികയെക്കുറിച്ച് ലഭിച്ച പരാതികൾ വിദഗ്ദ്ധ സമിതി പരിശോധിക്കുന്നു. ഈയാഴ്ച അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഉത്തരക്കടലാസുകളുടെ സ്കാനിംഗ് നടപടികൾ പൂർത്തിയായതിനാൽ, അന്തിമ ഉത്തര സൂചിക തയ്യാറായാൽ ഉടനടി ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
സ്ഥലംമാറ്റത്തെയും
ബാധിക്കും
ജൂണിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് സ്ഥിര നിയമനം ആഗ്രഹിക്കുന്നവർക്കും കെ-ടെറ്റ് യോഗ്യത നിർണായകമാണ്. അദ്ധ്യാപകരുടെ സ്ഥലംമാറ്റ അർഹത നിശ്ചയിക്കുന്നതിലും കെ-ടെറ്റ് ഫലം പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിലുള്ളവരുടെ 'സ്പെഷ്യൽ കെ-ടെറ്റ്' പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതും പൊതു ഫലം വന്ന ശേഷമാകും.കെ-ടെറ്റ് ഫലപ്രഖ്യാപനത്തിൽ അധികൃതർ കാട്ടുന്ന മെല്ലെപ്പോക്കിൽ വിവിധ അദ്ധ്യാപക സംഘടനകൾ പ്രതിഷേധത്തിലാണ്. ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യതകളെ ബാധിക്കുന്ന ഇത്തരം വീഴ്ചകൾ ഒഴിവാക്കണമെന്നാണ് ആവശ്യം.
സ്കൂൾ ഫിറ്റ്നസ്: സംയുക്ത പരിശോധന ഒഴിവാക്കിയതിൽ വിശദീകരണം തേടി
കൊച്ചി: സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഒഴിവാക്കിയ സർക്കാർ സർക്കുലറിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിശദീകരണം തേടി. 29 ന് സർക്കാർ റിപ്പോർട്ട് നൽകണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അതു വരെ തദ്ദേശ വകുപ്പിലെ അസി. എൻജിനിയർമാരെ നിർബന്ധിക്കരുതെന്നും കെ.എ.ടി കൊച്ചി ബെഞ്ചിലെ ജുഡിഷ്യൽ അംഗം എം.ആർ. ശ്രീലത ഉത്തരവിട്ടു. സംയുക്ത പരിശോധന അവസാനിപ്പിച്ചതിനെതിരെ തദ്ദേശ വകുപ്പിലെ ഏതാനും അസിസ്റ്റന്റ് എൻജിനിയർമാരാണ് കെ.എ.ടിയെ സമീപിച്ചത്. ഫിറ്റ്നസ് പരിശോധന നടത്തേണ്ട എല്ലാ മേഖലയിലും തങ്ങൾക്ക് വൈദഗ്ദ്ധ്യമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. നേരത്തേ വിവിധ വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷമാണ് തദ്ദേശ വകുപ്പിലെ എൻജിനിയർമാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. തദ്ദേശ വകുപ്പിന് പുറമേ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, സ്കൂൾ സേഫ്റ്റി മോണിറ്ററിംഗ് കമ്മിറ്റി എന്നിവർക്കായിരുന്നു പരിശോധനാ ചുമതല. അസിസ്റ്റന്റ് എൻജിനിയറും ആരോഗ്യ വിഭാഗവും മാത്രം പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് പുതുക്കിയ നിർദ്ദേശം. മറ്റ് വകുപ്പുകളുടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കുന്നത് സ്കൂളുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ-വനം-മോട്ടോർ വാഹന വകുപ്പുകളും കെ.എസ്.ഇ.ബി, ഫയർ ഫോഴ്സ് എന്നിവരും പരിശോധിക്കേണ്ട കാര്യങ്ങളിൽ തദ്ദേശവകുപ്പ് എൻജിനിയർക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. അതിനാൽ സർക്കുലർ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.