സി.പി.എം- ബി.ജെ.പി ബാന്ധവം പുറത്തായി: വി.ഡി. സതീശൻ

Tuesday 25 February 2025 12:50 AM IST

മലപ്പുറം: മോദി സർക്കാർ ഫാസിസ്റ്റല്ലെന്ന കണ്ടുപിടിത്തം സംഘപരിവാറിന് വിധേയരായി പ്രവർത്തിക്കാനുള്ള സിപി.എം തീരുമാനത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സി.പി.എമ്മിന്റെ പുതിയ രേഖ ഞെട്ടലുണ്ടാക്കുന്നതല്ല. ബി.ജെ.പിയുമായി കാലങ്ങളായുള്ള രഹസ്യബന്ധമാണ് പുറത്തായത്. സംഘപരിവാറുമായി എല്ലാ കാലത്തും കേരളത്തിലെ സി.പി.എം സന്ധി ചെയ്തിട്ടുണ്ട്. കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇത്തരമൊരു രേഖയുണ്ടാക്കാൻ നേതൃത്വം നൽകിയത്. അവരാണ് സംഘപരിവാർ ബാന്ധവം ആഗ്രഹിക്കുന്നത്. സി.പി.ഐയും ഇന്ത്യ മുന്നണിയും അതിശക്തമായാണ് മോദി സർക്കാർ ഫാസിസ്റ്റാണെന്നാണ് പറയുന്നത്. എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരട് രേഖ തയാറാക്കിയത്..

ആശ വർക്കർമാരുടെ സമരത്തിൽ ഒരു അരാഷ്ട്രീയവുമില്ല. വയനാട് ദുരന്തമുണ്ടായി ഏഴ് മാസമായിട്ടും പരിക്കേറ്റവർക്കുള്ള ധനസഹായം പോലും നൽകിയിട്ടില്ല. കോടിക്കണക്കിന് രൂപ കൈയിലുണ്ടായിട്ടും പുനരധിവാസത്തിനുള്ള സ്ഥലവും നിശ്ചയിച്ചിട്ടില്ല. . കോൺഗ്രസും ലീഗും കർണാടക സർക്കാരും യൂത്ത് കോൺഗ്രസും വാഗ്ദാനം ചെയ്ത വീടുകൾ പോലും പണിയാൻ സാധിക്കുന്നില്ല. വീടിന് 30 ലക്ഷമാക്കിയതോടെ നിരവധി സ്‌പോൺസർമാർ പിൻമാറി. പുനരധിവാസ ചുമതലയുള്ള നാല് മന്ത്രിമാർ ഇതുവരെ യോഗം പോലും ചേർന്നിട്ടില്ലെന്നും വി.‌‌‌ഡി. സതീശൻ പറഞ്ഞു.