ഫലമറിയാൻ പാർട്ടി ഓഫീസുകളിൽ ഒരുക്കങ്ങൾ

Monday 04 May 2026 12:34 AM IST

കെ.പി.സി.സി ആസ്ഥാനത്ത് പന്തൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സജ്ജീകരണങ്ങളാണ് പാർട്ടി ആസ്ഥാനങ്ങളിൽ

ഒരുക്കിയിട്ടുള്ളത്. പത്ത് വർഷത്തിനു ശേഷം ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലും എക്സിറ്റ് പോളുകളിൽ വിശ്വാസമർപ്പിച്ചും കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ വലിയ പന്തലിട്ടു. ഇതിൽ വലിയ എൽ.ഇ.ഡി സ്‌ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. ചൂട് ഒഴിവാക്കാൻ കൂളറും ഫാനും കുടിവെള്ളവും. നേതാക്കൾക്കൊപ്പം പ്രവർത്തകർക്കും ഇരുന്ന് ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിജയം ഉറപ്പിച്ചാൽ വിതരണം ചെയ്യാൻ പായസവും ലഡുവും ഏർപ്പാടാക്കി. ആദ്യമായാണ് ഇന്ദിരാഭവന്റെ മുറ്റത്ത് പന്തലിട്ട് ഫലം അറിയാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇന്ദിരാഭവൻ വൈദ്യുത ദീപങ്ങളാൽ അലംകൃതമായിരുന്നു.

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പ്രത്യേക ഒരുക്കങ്ങളൊന്നുമില്ല. പുതിയ ഓഫീസിനകത്തെ ടി.വിയിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കാൾ ഫലം വീക്ഷിക്കും. തുടർഭരണം ലഭിച്ചാൽ ആഘോഷത്തിനായി മധുര പലഹാരങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ഓഫീസിനുള്ളിൽ വലിയ എൽ.ഇ.ഡി സ്‌ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് അക്കൗണ്ടു തുറന്നാൽ ആഘോഷം തുടങ്ങാനാണ് തീരുമാനം. ലഡുവും മധുര പലഹാരങ്ങളും എത്തിക്കും.