ലീഗിന് 5 മന്ത്രിമാരെ ലഭിച്ചേക്കും, കുഞ്ഞാലിക്കുട്ടിക്കു പുറമെ പി.കെ.ബഷീറും ഷംസുദ്ദീനും

Wednesday 06 May 2026 12:54 AM IST

മലപ്പുറം: ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്ക് സമാനമായി അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ്. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം ഉറപ്പാണ്. ശേഷിക്കുന്ന നാല് മന്ത്രിമാർക്കായി പാർട്ടിയിൽ ചരടുവലി മുറുകി. എൻ.ഷംസുദ്ദീൻ (മണ്ണാർക്കാട്), പി.കെ.ബഷീർ (ഏറനാട്), കെ.എം.ഷാജി (വേങ്ങര), പാറക്കൽ അബ്ദുള്ള (കുറ്റിയാടി), എം.എ.റസാഖ് (കുന്ദമംഗലം), എ.കെ.എം.അഷ് റഫ് (മഞ്ചേശ്വരം) എന്നിവരാണ് പരിഗണനയിൽ. എൻ.ഷംസുദ്ദീനും പി.കെ.ബഷീറും ഏതാണ്ട് ഉറപ്പാണ്.

ഇരുവരും നാലാംതവണയാണ് എം.എൽ.എയാവുന്നത്. ലീഗിന്റെ വയനാട് പുനരധിവാസ ചുമതല പി.കെ.ബഷീറിനായിരുന്നു. എം.കെ.മുനീർ പക്ഷക്കാരനായ കെ.എം.ഷാജിയെ മുനീറിന്റെ അഭാവത്തിൽ പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. ഇങ്ങനെയെങ്കിൽ മലപ്പുറത്ത് നിന്ന് മൂന്ന് മന്ത്രിമാരാവും. ആറ് പേർ വിജയിച്ച കോഴിക്കോടിന് ഒരു മന്ത്രിസ്ഥാനം നൽകി രണ്ട് എം.എൽ.എമാരുള്ള കാസർകോടിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകുന്നതും ആലോചനയിലുണ്ട്.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എന്നിവരിൽ ഒരാൾക്ക് നറുക്കുവീണേക്കും. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനെ പരാജയപ്പെടുത്തി ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയായ ഫാത്തിമ തഹ്ലിയയെ പരിഗണിച്ചേക്കില്ല. അപ്രതീക്ഷിത തീരുമാനങ്ങളെടുക്കുന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ശൈലി ഫാത്തിമയ്ക്ക് തുണയാകുമോയെന്ന ആകാംക്ഷയുണ്ട്. കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾ മന്ത്രിസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഉപമുഖ്യമന്ത്രിപദവിക്ക്

അവകാശം ഉന്നയിക്കില്ല

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പരസ്യ അവകാശവാദം ഉന്നയിക്കില്ല. വ്യവസായം-ഐ.ടി വകുപ്പുകൾ കുഞ്ഞാലിക്കുട്ടിക്കാവും. തദ്ദേശം, പൊതുമരാമത്ത്, സാമൂഹ്യനീതി വകുപ്പുകളിലും ലീഗ് തുടർന്നേക്കും.

ആരോഗ്യം ലീഗിന് നൽകി വിദ്യാഭ്യാസം ഏറ്റെടുക്കണമെന്ന അഭിപ്രായം കോൺഗ്രസിലുണ്ട്.

റവന്യൂ പോലെ പ്രധാന വകുപ്പ് ലഭിച്ചാൽ വിദ്യാഭ്യാസം വിട്ടുകൊടുക്കുന്നതിൽ ലീഗിന് എതിർപ്പില്ല.