സീറ്റ് ബെൽറ്റ് ഇടില്ല, അമിത വേഗവും, എം.വി. ഗോവിന്ദന്റെ കാറിന് 13,250 രൂപ പിഴ
നടപടിയെടുക്കാതെ എം.വി.ഡി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാർ മൂന്നു വർഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണ. മോട്ടോർ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപ. പിഴയടയ്ക്കാൻ തയ്യാറാകാത്ത പാർട്ടി സെക്രട്ടറിയുടെ വാഹനത്തിനെതിരെ നടപടിയുമില്ല.
മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം തലസ്ഥാനത്തെത്തിയ പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തിച്ചതും പാർട്ടി സെക്രട്ടറിയുടെ കെ.എൽ 01 സി.ആർ 4291 എന്ന ഇതേ ഇന്നോവ ക്രിസ്റ്റയിലാണ്. നിശ്ചിത സമയത്തിനുള്ളിൽ പിഴയടയ്ക്കാത്തതിനാൽ രണ്ടു കേസുകൾ കോടതിക്ക് കൈമാറിയിട്ടുമുണ്ട്. മുൻസീറ്റ് യാത്രക്കാരൻ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ തവണ എ.ഐ ക്യാമറ പിഴചുമത്തിയിട്ടുള്ളത്. 500 രൂപ വീതം 12 തവണ. എം.വി.ഗോവിന്ദൻ സീറ്റ്‌ബെൽറ്റ് ധരിക്കാതെ മുൻസീറ്റിൽ ഇരിക്കുന്ന ചിത്രവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
2025 ജനുവരിയിൽ കോവളം- കാരോട് ദേശീയപാതയിൽ യു.എസ്.ടി ജംഗ്ഷനു സമീപം 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞതിനും പിഴ ചുമത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റിൽ കിളിമാനൂർ- കൊട്ടാരക്കര റോഡിൽ അമിതവേഗത്തിൽ പോയതിനും കേസുണ്ട്.
ശബ്ദമലിനീകരണമുണ്ടാക്കുന്ന നാലു ഹോണുകൾ ഘടിപ്പിച്ചതിനു 2023ൽ മോട്ടോർ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. ഇതുവരെയും ഈ ഹോണുകൾ നീക്കം ചെയ്തിട്ടില്ല. ഗ്ലാസുകളിൽ കട്ടികൂടിയ കറുത്തഫിലിം പതിച്ചതിനും സിഗ്നൽ ലംഘിച്ചതിനും കേസ് വേറെയുമുണ്ട്. എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറിയുടെ മൊബൈൽ നമ്പരാണ് വാഹനരേഖകളിലുള്ളത്.