അവയവ കച്ചവടം: മുഖ്യപ്രതിയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Sunday 10 May 2026 12:39 AM IST

കോലഞ്ചേരി: അവയവക്കച്ചവടത്തിനു സഹായം നൽകിയ കേസിൽ മുഖ്യപ്രതി കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ നജീബിന്റെ ഭാര്യ റഷീദ (37),കൊ​ല്ലം​ ​ക​ല്ലും​താ​ഴം​ ​വ​ലി​യ​മാ​ടം​ ​ക​ള​രി​കി​ഴ​ക്ക​തി​ൽ​ ​വീ​ട്ടി​ൽ​ ​ശ്രീ​ജ​ ​(40​),​ ​കൊ​ല്ലം​ ​പ​ട്ട​ത്താ​നം​ ​ല​ത്തീ​ഫ് ​മ​ൻ​സി​ലി​ൽ​ ​സു​ധീ​ർ​ ​(31​) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ​നജീബ് ഒളിവിലാണ്. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56),ഭാര്യ സിനി വർഗീസ് (50),ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നജീബ് ഡൽഹിയിലേക്ക് കടന്നെന്നാണ് നിഗമനം. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം,കേസിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും തീരുമാനിച്ചു. കേസിന് അന്തർദ്ദേശീയ ബന്ധങ്ങളുണ്ടെന്നും സംശയിക്കുന്നുണ്ട്.

പള്ളിക്കരയിൽ പ്രവർത്തിച്ചിരുന്ന കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിലായിരുന്നു പ്രവർത്തനങ്ങൾ. വ്യാജരേഖ നിർമ്മാണത്തിനായി ഡി.ടി.പി,കമ്പ്യൂട്ടർ സെന്ററുകൾ എന്നിവയുടെ സഹായം ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പള്ളിക്കരയിലെ സൺ കമ്മ്യൂണിക്കേഷൻസ് ഉടമകളായ സണ്ണി വർഗീസ്,സിനി വർഗീസ്,സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോ ജീവനക്കാരൻ സനോജ് എന്നിവരെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.

വ്യാജ ആധാർ വരെ

അവയവദാതാക്കളെ സ്വീകർത്താക്കളുടെ അടുത്ത ബന്ധുക്കളായി ചിത്രീകരിക്കാനാണ് സംഘം വ്യാജരേഖകൾ നിർമ്മിച്ചിരുന്നത്. വ്യാജ ആധാർ കാർഡുകൾ,തിരിച്ചറിയൽ രേഖകൾ,ജനപ്രതിനിധികളുടെ ശുപാർശക്കത്തുകൾ,വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാപകമായി ചമച്ചിരുന്നു. എം.പിമാർ,എം.എൽ.എമാർ,ഡോക്ടർമാർ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലെറ്റർഹെഡുകളും സീലുകളും ഒപ്പുകളും വ്യാജമായി തയ്യാറാക്കി. അവയവദാനം സ്വമേധയാ ഉള്ളതാണെന്നും പണമിടപാട് നടന്നിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന ‘അൾട്രൂയിസം സർട്ടിഫിക്കറ്റ്’ വരെ വ്യാജമായി നിർമ്മിച്ചിരുന്നു. എസ്.പി,ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ നൽകേണ്ട ഈ സർട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. അതേസമയം,വ്യാജരേഖകൾ ഉപയോഗിച്ച് എത്ര പേർക്ക് അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്നത് വ്യക്തമല്ല. ആശുപത്രികൾ,ഇടനിലക്കാർ,മറ്റ് സംസ്ഥാനങ്ങളിലെ ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.