മലപ്പുറത്ത് മിന്നലേറ്റ് നാലുപേർ മരിച്ചു ,​ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Tuesday 12 May 2026 6:59 PM IST

ഫഹദ് , സിയാദ് , ബഹാസ് , റഹീസ്

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റാണ് നാട്ടുകാരായ വിദ്യാർത്ഥികൾ മരിച്ചത്. മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ് (20), പുത്തൻവീട്ടിൽ കൂരിമണ്ണിൽ സൈതലവിയുടെയും പരേതയായ സാജിതയുടെയും മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെയും സുലൈഖയുടെയും മകൻ സിയാദ് (18), കറുത്താൻകുത്ത് നിസാറിന്റെയും നസീമയുടെയും മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. നാട്ടുകാർ വ്യൂപോയിന്റിലെത്തി നോക്കുമ്പോൾ വിദ്യാർത്ഥികൾ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആദ്യംകണ്ട ആറുപേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഒരാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

മരിച്ച ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, മരിച്ച റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ്‌, മലയിൽ വീട്ടിൽ മുഷ്‌താഖിന്റെ മകൻ ഇഷ്‌ഹാത്ത് (16) എന്നിവർ പരിക്കേറ്റത്. സൽമാനുൽ ഫാരിസിനെയും ഇഷ്‌ഹാത്തിനെയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മങ്കടയിലെ വെള്ളില ഭാഗത്തെ വ്യൂ പോയിന്റ് ആളുകൾ സ്ഥിരമായി പോകുന്നയിടമാണ്. ഇന്ന് ഉച്ച മുതൽ മലപ്പുറത്ത് വ്യാപകമായി മഴ പെയ്തിരുന്നു.