പിറകേയുണ്ട് ഹൈക്കോടതി; എളുപ്പമല്ല, വാഹന മോഡിഫിക്കേഷൻ ഇളവ്
കൊച്ചി: പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 'വാഹന മോഡിഫിക്കേഷൻ" ഇളവുകൾ നടപ്പാക്കാൻ സർക്കാർ പാടുപെടും. മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമായ രൂപമാറ്റങ്ങളിൽ ഹൈക്കോടതിയും ജാഗ്രത പുലർത്തുന്നതാണ് കാരണം. അപകടകരമല്ലാത്ത രൂപമാറ്റം അനുവദിക്കുമെന്നാണ് യു.ഡി.എഫ് പ്രകടന പത്രികയിലുള്ളത്. എന്നാൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 52-ാം വകുപ്പും 2019ലെ സുപ്രീംകോടതി ഉത്തരവും രൂപമാറ്റം കർശനമായി നിയന്ത്രിക്കുന്നതാണ്.
അനുവദനീയമായ മോഡിഫിക്കേഷനുകൾ തരംതിരിച്ച് വിജ്ഞാപനമിറക്കുമെന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. എന്നാൽ പരിഷ്കാരങ്ങൾ എന്തൊക്കെയായാലും പുലിവാലു പിടിച്ചേക്കും.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളിൽ 2024- 25ൽ പല മാർഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വാഹനങ്ങളെ വൈറലാക്കാൻ ശ്രമിച്ച വ്ളോഗർമാർക്കടക്കം അന്ന് 'പണി" കിട്ടി. ഭിന്നശേഷിക്കാരുടെ മുച്ചക്ര വാഹനത്തിനും പ്രത്യേകാനുമതി ആവശ്യമാണ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വച്ച ടൂറിസ്റ്റ് ബസുകളും രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ 'റോഡ് ഷോ" നടത്തിയവരുമാണ് കോടതിയിൽ നിന്ന് നടപടി നേരിട്ടതിലേറെയും.
ഹൈക്കോടതി
നിർദ്ദേശം
1.വാഹനങ്ങളിൽ വലിയ രൂപമാറ്റം വരുത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം. ഉടമകൾക്ക് 5,000 രൂപ പിഴ
2.രൂപമാറ്റത്തിലൂടെ സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന വാഹനങ്ങളുടെ ആർ.സിയും ഫിറ്റ്നസും സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണം. വാഹനങ്ങൾ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് തുടർ നടപടിയെടുക്കണം.
3.ശബ്ദ, വായു മലിനീകരണം നടത്തുന്ന വാഹനങ്ങൾക്കെതിരെ ഗതാഗത കമ്മിഷണർ നടപടിയെടുക്കണം. അധികമുള്ള ഓരോ ലൈറ്റിനും 500 രൂപ വീതം പിഴ
4.വ്ളോഗർമാർ അപ്ലോഡ് ചെയ്യുന്ന നിയമവിരുദ്ധമായ കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കണം.