ഗുരുദേവന്റെ സന്ദർശനം: കൊളംബോയിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
കൊളംബോ: ഗുരുദേവൻ രണ്ടാം തവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു വേൾഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ശ്രീനാരായണഗുരു സൊസൈറ്റിയുമായി സഹകരിച്ച് കൊളംബോയിൽ നടക്കുന്ന ത്രിദിന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം.
കഴിഞ്ഞ ദിവസം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആചാര്യതയിൽ ഗുരുപൂജയും സമൂഹാർച്ചനയും ശ്രീനാരായണ ദിവ്യസത്സംഗവും ഗുരുധർമ്മ പ്രബോധനവും നടന്നു. ശ്രീലങ്കയിലെ ഗുരുഭക്തരും കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നുമുളള പ്രതിനിധികളും ഉൾപ്പെടുന്ന തീർത്ഥാടകസംഘം സിലോണിൽ ഗുരുദേവൻ സന്ദർശിച്ചിട്ടുള്ള കോവിൽപെട്ടി ഗംഗാരാമബുദ്ധ ക്ഷേത്രത്തിലും കതിരേശൻ കോവിൽ, മറുതാന കൈലാസനാഥക്ഷേത്രം എന്നിവിടങ്ങളിലുമെത്തി സത്സംഗവും പ്രാർത്ഥനയും നടത്തി. . ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ചെയർമാൻ സുവർണ്ണകുമാർ, ജനറൽ സെക്രട്ടറി എസ്.സതീശൻ (ഡെൽഹി), ട്രഷറർ രാജൻ സൗപർണ്ണിക, സംഘാടക സെക്രട്ടറി അജിത സദാനന്ദൻ, മേഖലാസെക്രട്ടറി വിശ്വനാഥ് രാജിഘോട്ട്, ഗുരുമന്ദിരം വൈസ് പ്രസിഡന്റ് സുരേന്ദ്രമാധവൻ, എഴുകോൺ അബ്ദുൽഖാദർ, ജയശ്രി വിനോദിനി, ഷൈലജ അഹമ്മദാബാദ്, എം.ബി.അനിത, നാണി ടീച്ചർ തലശ്ശേരി, ശ്രീലത മാവേലിക്കര തുടങ്ങിയവർ നേതൃത്വം നൽകി.
ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദി സമ്മേളനം, ഗുരുദേവൻ രണ്ടാം തവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം, സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം എന്നിവ ഇന്ന് രാവിലെ 10ന് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.ശ്രീനാരായണഗുരു സൊസൈറ്റി ഒഫ് ശ്രീലങ്ക പ്രസിഡന്റ് രാഹുലൻ അദ്ധ്യക്ഷത വഹിക്കും.സ്വാമി ബോധേന്ദ്രതീർത്ഥ മുഖ്യ പ്രഭാഷണം നടത്തും. ശ്രീലങ്കൻ എം.പി മനോ ഗണേശൻ വിശിഷ്ടാതിഥിയായിരിക്കും. വൈകിട്ട് ഗുരുപൂജ സമാരാധനക്കുശേഷം ജയശ്രീയും സംഘവും നയിക്കുന്ന ഗുരുദേവകൃതികളെ ആസ്പദമാക്കിയുളള ഡാൻസ് , തിരുവാതിരക്കളി. 25ന് രാവിലെ 10ന് ശ്രീനാരായണ വേൾഡ് കൗൺസിൽ ബിസിനസ് മീറ്റ്.