കെ.എ.എസ് നിയമനം ചുവപ്പ് നാടയിൽ : സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്നര മാസം കഴിഞ്ഞിട്ടും ചുവപ്പു നാടയിൽ കുരുങ്ങി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) നിയമനം. നടപടിക്രമം പൂർത്തികരിച്ച് വിവരമറിയിക്കാൻ പി.എസ്.സി നിരവധി തവണ കത്തയച്ചിട്ടും സർക്കാരിൽ നിന്ന് പ്രതികരണമില്ല. പുതിയ സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
പി.എസ്.സി വിജ്ഞാപന പ്രകാരമുള്ള 31 ഒഴിവുകളിലേക്ക് പരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി 2026 ജനുവരി 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിയമന ശുപാർശ നൽകുന്നതിന്, നടപടിക്രമം പൂർത്തികരിച്ച് വിവരം അറിയിക്കാനാണ് പി.എസ്.സി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഡെപ്യൂട്ടേഷൻ റിസർവ് പോസ്റ്റുകളുടെ അന്തിമ വിവരം പി.എസ്.സിയെ അറിയിക്കാത്തതാണ് നിയമനം നീളാൻ കാരണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027 ജനുവരി 30ന് അവസാനിക്കും. സിവിൽ സർവീസ് മാതൃകയിൽ പ്രിലിമിനറി (2 പേപ്പർ), മെയിൻ (3 പേപ്പർ), ഇന്റർവ്യൂ എന്നിവ നടത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 35 പേർക്ക് വീതം മൂന്നു സ്ട്രീമിൽ നിന്നും നിയമനം നൽകിയെങ്കിലും സംവരണ പ്രാതിനിധ്യം പൂർണമായിട്ടില്ല.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ വകുപ്പുതല സെക്രട്ടറിമാരുടെ കമ്മിറ്റിക്കാണ് 31 തസ്തികകൾ തീരുമാനിക്കാനുള്ള ചുമതല. കെ.എ.എസ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും മറ്റു സർവീസ് സംഘടനകളും എതിർക്കുന്നതും പ്രശ്നമാണ്. 2021ലെ ആദ്യ ബാച്ചിൽ 105 കേഡർ തസ്തികളിലേക്ക് നിയമനം ലഭിച്ചവരുടെ
സ്ഥാനക്കയറ്റത്തിലും അവ്യക്തതയാണ്. അഖിലേന്ത്യാ സർവീസ് മാതൃകയിൽ ബോർഡുകളിലേക്കും സ്ഥാപനങ്ങളിലേക്കും കെ.എ.എസിൽ നിന്ന് ഡെപ്യൂട്ടേഷൻ നൽകാനുള്ള തീരുമാനത്തിലാണ് രണ്ടാം ബാച്ചിന് അപേക്ഷ ക്ഷണിച്ചത്. 31 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. 46 തസ്തികകളുടെ ചുരുക്കപ്പട്ടിക സർക്കാർ തയ്യാറാക്കി. 31 തസ്തികകൾ നിശ്ചയിച്ച് നിയമന ഉത്തരവ് ഇറക്കേണ്ട നടപടിയാണ് ചുവപ്പ് നാടയിൽ കുടുങ്ങിയത്.