ഷുഹൈബ് വധം പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് സ്റ്റേ, ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളെ മോചിപ്പിക്കണം

Wednesday 27 May 2026 12:19 AM IST

കൊച്ചി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ 17 പ്രതികളെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത തലശേരി അഡി. ജില്ലാ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്.

ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ ഉടൻ ജുഡിഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനും വിചാരണക്കോടതിയോട് നിർദ്ദേശിച്ചു. ജാമ്യം റദ്ദാക്കിയ സാഹചര്യം സംബന്ധിച്ച വിശദീകരണം സെഷൻസ് ജഡ്ജി മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കണം. ജാമ്യം റദ്ദാക്കിയതിനെതിരായ പ്രതികളുടെ ഹർജി വിശദവാദത്തിനായി ജൂൺ 5ലേക്ക് മാറ്റി. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായി ക്രോസ് വിസ്താരത്തിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കുകയും പ്രതികൾ ഇതിനെ പിന്തുണയ്‌ക്കുകയും ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി തിങ്കളാഴ്ച ജാമ്യം റദ്ദാക്കിയത്. രാത്രിയോടെ തലശേരി സ്‌പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. രണ്ടാം സാക്ഷിയെ പ്രോസിക്യൂഷൻ വിസ്തരിച്ചപ്പോൾ ഈ സാക്ഷിയുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്നും പഠിപ്പിച്ചു വിട്ട പോലെയാണ് പെരുമാറുന്നതെന്നും പ്രതികളുടെ അഭിഭാഷകർ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതയായാണ് വിചാരണക്കോടതി ജഡ്ജി ജാമ്യം റദ്ദാക്കിയതെന്നും വാദിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികൾ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ശേഷിക്കുന്നതിനാൽ ക്രോസ് വിസ്താരം മാറ്റിവയ്‌ക്കാൻ ഹർജിക്കാരുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നു. പ്രതികളുടെ നിലപാടും ഇതാണെന്ന് ഉറപ്പു വരുത്തിയതോടെ 'ക്രോസ് ചെയ്യുന്നില്ലെന്ന്' രേഖപ്പെടുത്തിയ സെഷൻസ് കോടതി വിചാരണ തുടരാൻ നിർദ്ദേശിച്ചു.